കണ്ണൂര്‍: പോലീസിന്റെ വിലക്ക് ലംഘിച്ച് പരിസ്ഥിതി സെമിനാറും സമര വാര്‍ഷികാഘോഷവും സംഘടിപ്പിച്ച് കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ കിളികള്‍. സിപിഐ സംസ്ഥാന നിര്‍വാഹകസമിതി അംഗം പി.പ്രസാദ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. 

കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരിലാണ് വയല്‍ക്കിളികളുടെ പരിപാടി പൊലീസ് വിലക്കിയത്. വിലക്കുകള്‍ കൊണ്ട് ജനകീയ സമരത്തെ തടയാനാകില്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം പി.പ്രസാദ് പറഞ്ഞു. 

എന്നാല്‍ ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് സമരസമിതിയുടെ ആരോപണം. മൈക്കിന് അനുമതി ഇല്ലാത്തതിനാല്‍ പരിപാടിയുടെ ഭാഗമായ ഗാനമേള ഒഴിവാക്കിയിരുന്നു. കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണവുമായി മുന്നോട്ടുപോയാല്‍ സമരം ശക്തമാക്കുമെന്ന വ്യക്തമായ സൂചനയാണ് വിലക്ക് മറികടന്ന് പരിപാടി സംഘടിപ്പിച്ചതിലൂടെ വയല്‍കിളികള്‍ നല്‍കുന്നത്.