ജയ്ഹിന്ദ് 1 എസ് 15,000 രൂപയാണ് നിർമ്മാണ ചെലവ് ഇടത്തരം മുട്ടയുടെതിന് തുല്യമായ ഭാരം

ചെന്നൈ: ലോകത്തിലെ ഏറ്റവും ചെറുതും വിലകുറഞ്ഞതുമായ സാറ്റ്ലൈറ്റ് നിര്‍മിച്ചിരിക്കുകയാണ് ചെന്നൈയിലെ
ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സിലെ വിദ്യര്‍ഥികള്‍. ജയ്ഹിന്ദ് 1 എസ് എന്ന് നാമകരണം ചെയ്തിരിക്കുന്ന സാറ്റ്ലൈറ്റിന് ഇടത്തരം മുട്ടയുടേതിന് തുല്യമായ ഭാരമാണുള്ളത്. വെറും 15,000 രൂപയാണ് ഈ കുഞ്ഞന്‍ സാറ്റ്ലൈറ്റിന്റെ നിര്‍മ്മാണ ചെലവ്.

ജയ്ഹിന്ദ്-1 എസിലൂടെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ അറിയാല്‍ സാധിക്കും. നാല് സെന്‍റീമീറ്റർ നീളവും വീതിയുമുള്ള ക്യൂബിന്റെ ആകൃതിയിലുള്ള സാറ്റ്ലൈറ്റ് നൈലോണ്‍ മെറ്റീരിയല്‍സ്, ലാക്ടിക് ആസിഡ് എന്നിവ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. നാസയുടെ സഹായത്തോടെ ആഗസ്തില്‍ സാറ്റ്ലൈറ്റ് വിക്ഷേപിക്കുമെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ബലൂണ്‍ വഴിയാകും ജയ്ഹിന്ദ് വിക്ഷേപിക്കുക. നിശ്ചിത ഉയരത്തില്‍ എത്തിയതിന് ശേഷം ബലൂണില്‍ നിന്ന് സാറ്റ്ലൈറ്റ് വിച്ഛേദിക്കപ്പെടുകയും ചെയ്യും. 20 തരത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ സാറ്റ്ലൈറ്റിൽ ഘടിപ്പിച്ചിരിക്കുന്ന എസ്ഡി കാര്‍ഡില്‍ ശേഖരിച്ച് വയ്ക്കുന്നു. 

പരീക്ഷണാര്‍ത്ഥം ആഴ്ച്ചകൾക്ക് മുമ്പ് 40 അടി ഉയരത്തില്‍ വിക്ഷേപണം നടത്തിയിരുന്നു. ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സിലെ ഫസ്റ്റ്ഇയര്‍ വിദ്യാര്‍ഥികളായ കെജി ഹരികൃഷ്ണന്‍, പി അമര്‍ നാഥ്, ജി സുധി, ടി ഗിരി പ്രസാദ് എന്നിവരാണ് ഈ കുഞ്ഞന്‍ സാറ്റ്ലൈറ്റിന്റെ ഉപജ്ഞാതാക്കള്‍.