Asianet News MalayalamAsianet News Malayalam

ചെറിയ ശബ്ദം കേട്ടാല്‍ പോലും വിരളും: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കുന്നതിന് വിലക്ക്

ചട്ടത്തിന് വിരുദ്ധമായി ആനയെ എഴുന്നള്ളിച്ചതിന് പാപ്പാന്മാർ, ആനയുടമ, ഉത്സവം നടന്ന ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുണ്ട്. മൃഗത്തെ അപകടകരമാം വിധം കൈകാര്യം ചെയ്തതിനും മനപൂർവമല്ലാത്ത നരഹത്യക്കുമാണ് കേസ്.

thechikkottukavu ramachandran, the celebrity elephant banned from festivals for 15 days
Author
Thrissur, First Published Feb 10, 2019, 2:19 PM IST

തൃശ്ശൂർ: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞോടിയ ആന തെച്ചിക്കോട്ട് രാമചന്ദ്രനെ വനം വകുപ്പ് പതിനഞ്ച് ദിവസത്തേക്ക് എഴുന്നള്ളിപ്പിൽ നിന്ന് വിലക്കി. കഴിഞ്ഞ ദിവസം ഇടഞ്ഞ തെച്ചിക്കോട്ട് രാമചന്ദ്രൻ രണ്ടുപേരെ ചവിട്ടിക്കൊന്നിരുന്നിരുന്നു. ഡോക്ടർമാരുടെ സംഘം പരിശോധിച്ചതിന് ശേഷം മാത്രമേ ഈ ആനയെ ഇനി എഴുന്നള്ളിപ്പിന് അനുവദിക്കാൻ പാടുള്ളൂ എന്നാണ് വനം വകുപ്പിന്‍റെ നിര്‍ദേശം. 

അമ്പത് വയസിലേറെ പ്രായമുളള തെച്ചിക്കോട് രാമചന്ദ്രന് കാഴ്ച്ചയ്ക്ക് തകരാറുണ്ട്. ആനയുടെ വൈദ്യപരിശോധന എഴുന്നെള്ളിപ്പിന് 15 ദിവസം മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. മദപ്പാടിന്‍റെ ലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ അന്ന് കണ്ടെത്തിയിരുന്നില്ല. എന്നാല്‍ ചെറിയ ശബ്ദം പോലും കേട്ടാല്‍ വിരളുന്ന അവസ്ഥയുണ്ടെന്നാണ് ഇപ്പോഴത്തെ നിഗമനം. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്തണമെന്നാണ് വനം വകുപ്പിന്‍റെ നിർദ്ദേശം. അതുവരെ അടുത്ത പതിനഞ്ച് ദിവസത്തേക്ക് ഉത്സവങ്ങള്‍ക്കോ മറ്റ് പരിപാടികള്‍ക്കോ ഉപയോഗിക്കരുത്.

ആനയെ പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ ആരോഗ്യപരിശോധന നടത്തി സോഷ്യല്‍ ഫോറസ്റ്ററി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരിശോധനയ്ക്കായി ആനചികിത്സാ വിദഗ്ധരുടെ പ്രത്യേക പാനല്‍ സോഷ്യല്‍ ഫോറസ്റ്ററി വിഭാഗം രൂപീകരിക്കും. നാട്ടാന പരിപാലന ചട്ടത്തിന് വിരുദ്ധമായി ആനയെ എഴുന്നള്ളിച്ചതിന് പാപ്പാന്മാർ, ആനയുടമ, ഉത്സവം നടന്ന ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൃഗത്തെ അപകടകരമാം വിധം കൈകാര്യം ചെയ്തതിനും മനപൂർവമല്ലാത്ത നരഹത്യക്കുമാണ് കേസ്. തൃശ്ശൂര്‍, പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്‍റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.

ആനയ്ക്ക് അഞ്ച് പാപ്പാൻമാരാണ് ഉളളത്. ഇതില്‍ അപകടസമയത്ത് ആനയ്ക്കൊപ്പം ഉണ്ടായിരുന്ന വിനോദ്, വീജിഷ് എന്നിവരെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. ആനയ്ക്ക് പ്രകോപനമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ഇവർക്കെതിരായ പ്രധാന കേസ്. ചേമ്പാലക്കുളം ക്ഷേത്രത്തിലെ പൂരത്തിന് എഴുന്നള്ളിപ്പിനായി കൊണ്ടു വന്ന കൊമ്പൻ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടാണ് വിരണ്ടത്. സംഭവത്തിൽ രണ്ടുപേര്‍ മരിക്കുകയും പത്തോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു 

Follow Us:
Download App:
  • android
  • ios