ആലപ്പുഴ: അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന ഒന്നരവയസുകാരനെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്നു. തൊട്ടടുത്തുള്ള സ്‌കൂളിന് സമീപം കുട്ടിയെ ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. ആലപ്പുഴ കൊല്ലകടവിലാണ് നാടിനെ നടുക്കിയ സംഭവം. കുട്ടിയുടെ രണ്ടര പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടിട്ടുണ്ട്.
മാവേലിക്കരക്ക് സമീപം കൊല്ലകടവ് സ്വദേശിയായ ലത്തീഫിന്റെ വീട്ടിലാണ് നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ലത്തീഫിന്റെ മകന്റെ ഭാര്യ അന്‍സിയയും ഒന്നര വയസുള്ള മകനും കിടന്നുറങ്ങുകയായിരുന്നു.
ഒന്നാം നിലയിലെത്തിയ മോഷ്ടാവ് ബലപ്രയോഗത്തിലൂടെ അന്‍സിയയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. അന്‍സിയ ബഹളം വച്ചതോടെ മാല മോഷ്ടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ അന്‍സിയക്കൊപ്പം കിടന്നുറങ്ങിയിരുന്ന കുഞ്ഞിനെയും എടുത്തായിരുന്നു ഇയാള്‍ ഓടിയത്. ബഹളം കേട്ടെത്തിയ അയല്‍വാസികളും ചേര്‍ന്ന് കുഞ്ഞിനായി തിരച്ചില്‍ നടത്തി വീടിന് 100 മീറ്റര്‍ അകലെയുള്ള സ്‌കൂളിന്റെ വരാന്തയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
വീടിന്റെ രണ്ടാം നിലയുടെ പണി നടക്കുന്നതിന്റെ ഭാഗമായി തുറന്ന ഭാഗത്ത് കൂടി കയറിയ മോഷ്ടാവ് സ്റ്റെയര്‍ കേസ് വഴി ഒന്നാം നിലയിലെത്തുകയായിരുന്നെന്നാണ് സൂചന. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വെണ്‍മണി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
