കൊച്ചി: എറണാകുളം നഗര മധ്യത്തിൽ അർധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി മോഷണം. നാലംഗ സംഘം കത്തി കാട്ടി വീട്ടുടമസ്ഥയായ വ്യദ്ധയുടെ അഞ്ചു പവന്റെ ആഭരണങ്ങൾ കവർന്നു. അതിക്രമത്തിനിടെ വൃദ്ധയ്ക്ക് പരിക്കേറ്റു. മോഷ്ടാക്കളെ പൊലീസ് തെരയുന്നു.
ലിസി ആശുപതിക്ക് സമീപമുള്ള എല്ലിമൂട്ടിൽ ഇസ്മായിലിന്റെ വീട്ടിലാണ് മോഷണം നടന്നത്.അർധ രാത്രി രണ്ട് മണിയോടെ മുൻഭാഗത്തെ ജനൽ പൊളിച്ച് നാലംഗ സംഘം അകത്തുകയറി.ഈ സമയത്ത് വീട്ടുമസ്ഥൻ ഇ്സമയേൽ ,ഭാര്യ, മരുമകൾ രണ്ട് കൊച്ചുമക്കൾ അടക്കം 5 പേരാണ് താഴത്തെ നിലയിലുണ്ടായിരുന്നു.അകത്തുകയറിയ മോഷ്ടാക്കൾ വൃദ്ധയായ വീട്ടുടമസ്ഥയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവരുകയായിരുന്നു.
കൂടെയുള്ളവരെയും ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി.ശബ്ദം കേട്ട് മുകളിലത്തെ നിലയിലുണ്ടായിരുന്ന ഇവരുടെ ഡ്രൈവർ താഴെയെത്തി മോഷ്ടാക്കളെ തുരത്താൻ ശ്രമിച്ചെങ്കിലും ഇയാളെയും സംഘം കത്തി കാട്ടി വിരട്ടിയോടിച്ചു.മുഖംമൂടി ധരിചാണ് മോഷ്ടാക്കൾ എത്തിയത്.ആയുധങ്ങൾക്ക് പുറമേ ഇവരുടെ കയ്യിൽ തോക്കും ഉണ്ടായതായി പൊലീസ് സംശയിക്കുന്നു. വീട്ടിനുള്ളിൽ നിന്ന് നാടൻ തോക്കിന്റെ ഒരു തിര പൊലീസ് കണ്ടെടുത്തിട്ടുണ്ട്.സമീപത്തെ കടയിൽ നിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്.മോഷ്ടാക്കളെന്ന് സംശയിക്കുന്ന എട്ട് പേർ നടന്നു പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്
