കോഴിക്കോട്: കോഴിക്കോട് എസ്.ബി.ഐ ഹെഡ് ഓഫീസിലെ രണ്ട് ക്യാഷ് ഡെപ്പാസിറ്റ് മെഷീനുകളില്‍ മോഷണ ശ്രമം.പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.പണമൊന്നും നഷ്‌ടപ്പെട്ടിട്ടില്ല എന്ന് വിദഗ്ധ പരിശോധനയില്‍ വ്യക്തമായി. കോഴിക്കോട് എസ്.ബി.ഐ ഹെഡ് ഓഫീസിലെ രണ്ട് ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് മോഷണ ശ്രമം ഉണ്ടായത്.

ഒരു മെഷീനിന്റെ തട്ട് പൊളിച്ച് മാറ്റിയിട്ടുണ്ട്. രണ്ടാമത്തേതിന്റെ തട്ട് ഇളക്കിയ നിലയിലുമായിരുന്നു. റോന്ത് ചുറ്റുന്നതിനിടയില്‍ സുരക്ഷാ ജീവനക്കാരനാണ് മോഷണ ശ്രമം കണ്ടെത്തിയത്. പോലീസ് അധികൃതരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണത്തിന് എത്തിയ ആളുടെ ദൃശ്യം സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. മുഴുക്കൈ ഷര്‍ട്ടും ജീന്‍സും ധരിച്ച് ജീന്‍സിന് മുകളില്‍ ചുവന്ന ലുങ്കിയും ചുറ്റിയാണ് മോഷ്‌ടാവ് എത്തിയത്.

കൈയുറയും കൂളിംഗ് ഗ്ലാസും ധരിച്ചിട്ടുണ്ട്. ചുവന്ന തോര്‍ത്ത് കൊണ്ട് മുഖം മറച്ചാണ് ഇയാള്‍ എത്തിയത്. കമ്പിപ്പാര ഉപയോഗിച്ച് മെഷീന്‍ പൊളിക്കാനായിരുന്നു ശ്രമം. ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളുള്ള മുറിയില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാ ക്യാമറകള്‍ ദിശ മാറ്റി മറച്ച ശേഷമായിരുന്നു ഇത്.അതേസമയം, വിദഗ്ധ പരിശോധനയില്‍ പണമൊന്നും നഷ്‌ടപ്പെട്ടിട്ടില്ല എന്ന് വ്യക്തമായി.