കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിലാണ് എൺപതുവയസുകാരിയായ വൃദ്ധയെ തലയ്ക്കടിച്ച് സ്വർണം കവർന്നത്. എരൂർ ലേബർ കോർണർ ജംഗ്ക്ഷനുസമീപം താമസിക്കുന്ന രഘുപതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. കേബിള്‍ ടിവി ഓപ്പറേറ്റർമാരെന്ന വ്യാജേന വീട്ടിലെത്തിയ യുവതിയും യുവാവും ചേർന്നാണ് മോഷണം നടത്തിയത്. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ട്രായുടെ പുതിയ നിർദേശപ്രകാരം വീട്ടിലെ കേബിള്‍ കണക്ഷനില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാനുണ്ടെന്നുപറഞ്ഞാണ് ഉച്ചയോടെ മോഷ്ടാക്കള്‍ എത്തിയത്. സമീപത്തെ സിസിടിവി ക്യാമറയില്‍ മോഷ്ടാക്കള്‍ വരികയും പോവുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വിരമിച്ച അധ്യാപിക കൂടിയായ രഘുപതി മാത്രമേ ഈ സമയം വീട്ടിലുണ്ടായിരുന്നുള്ളൂ. യുവതി വീടിന് പുറത്ത് കാത്തുനിന്നു. വീടിനകത്തു കയറിയ യുവാവ് വൃദ്ധയുടെ തലയ്ക്ക് ആയുധമുപയോഗിച്ച് അടിച്ചാണ് മുറിവേല്‍പിച്ചത്. കൈക്കും പരിക്കേറ്റിട്ടുണ്ട്. വൃദ്ധയുടെ കഴുത്തിലും കൈകളിലുമുണ്ടായിരുന്ന ആറരപവനോളം വരുന്ന ആഭരണങ്ങള്‍ കവർന്ന് 10 മിനിറ്റിനകം യുവാവും യുവതിയും സ്ഥലം വിട്ടു.

ഇവർ വന്ന സ്കൂട്ടർ കൊച്ചി നഗരത്തില്‍നിന്നും കഴിഞ്ഞ ദിവസം മോഷ്ടിച്ചതാണോയെന്നും പൊലീസിന് സംശയമുണ്ട്. ഫോറന്‍സിക് സംഘമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ വൃദ്ധയുടെ മകന്‍റെ പരാതിയില്‍ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൃദ്ധ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.