കാർത്തികപള്ളിയിൽ ക്ഷേത്രത്തിലും പള്ളിയിലും മോഷണം
ഹരിപ്പാട്: കാർത്തികപ്പള്ളി ജംഗ്ഷന് വടക്ക് ഭാഗത്ത് വീണ്ടും മോഷണം. ഇവിടെയുള്ള സെന്റ് മേരീസ് ചർച്ചിലേയും, വാതല്ലൂ ർ കോയിക്കൽ ക്ഷേത്രത്തിലെയും കാണിക്ക വഞ്ചികൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. പള്ളിയിൽ റോഡിനു സമീപം ഉള്ള കുരിശടിയിൽ സ്ഥാപിച്ചിരുന്ന വഞ്ചി, പള്ളിയുടെ ഉള്ളിലെ രണ്ടു വഞ്ചികൾ, പള്ളിക്ക് വടക്കുവശം ഉള്ള കുരിശടിയുടെ സമീപം വച്ചിരുന്നവഞ്ചി ഉൾപ്പെടെ നാലു വഞ്ചികളാണ് കുത്തിത്തുറന്നത്.
കൂടാതെ രണ്ടു സ്റ്റീൽ നിർമിതമായ ദൂപ കുറ്റികളും മോഷണം പോയി. ഇതിന് ഏകദേശം 8000രൂപയോളം വില വരുമെന്നും, വഞ്ചികളിൽ 5000 രൂപയോളം ഉണ്ടാവും എന്നും പള്ളി അധികാരികൾ പറഞ്ഞു.കഴിഞ്ഞ മാസം കാണിക്ക വഞ്ചികൾ പൊട്ടിച്ചതിനാൽ തുക കുറവായിരുന്നു. മരത്തിൽ നിർമിച്ചിരുന്നു പള്ളിയുടെ ജനലഴികൾ അറുത്താണ് മോഷണം നടത്തിയിരിക്കുന്നത്. രാവിലെ അഞ്ചു മണിക്ക് പള്ളി തുറന്നപ്പോൾ ആണ് മോഷണ ശ്രമം അറിഞ്ഞത്.
വാതല്ലൂർ കോയിക്കൽ ക്ഷേത്രത്തിൽ കാണിക്ക വഞ്ചി എല്ലാ ദിവസവും രാത്രി ശ്രീകോവിലിന്റെ ഉള്ളിൽ ആണ് സൂക്ഷിക്കുന്നത്. ഇതിന്റെ പൂട്ടു പൊളിച്ചു അകത്തു കയറിയാണ് മോഷണം നടത്തിയിരിക്കുന്നത്. രാവിലെ അഞ്ചരയോടെ ക്ഷേത്രം തുറന്നപ്പോൾ ആണ് മോഷണം നടന്നത് അറിഞ്ഞത്. ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. 1500 രൂപയോളം നഷ്ടപെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം 25ന് കാണിക്ക ദേവസ്വം പൊട്ടിച്ചിരുന്നു.
സംഭവ സ്ഥലത്ത് തൃക്കുന്നപ്പുഴ പൊലീസ്, ആലപ്പുഴ നിന്നും വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ എത്തി തെളിവുകൾ ശേഖരിച്ചു. വാതല്ലൂർ കോയിക്കൽ ക്ഷേത്രത്തിനു തൊട്ടു കിഴക്കുവശം ഉള്ള വീട്ടിൽ നിന്നും പട്ടാപ്പകൽ ഏഴു പവൻ സ്വർണ്ണവും, 65000രൂപയും മോഷണം പോയിട്ടു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. തുടർച്ചയായി ഉണ്ടാകുന്ന മോഷണങ്ങൾ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
