പുറത്ത് നിന്ന് പമ്പിന്റെ ഓഫീസിലേക്ക് കയറി വന്ന ഹിന്ദി സംസാരിക്കുന്ന യുവാവ് തോക്ക് ചൂണ്ടിയ ശേഷം പണം വെച്ചിരുന്ന മേശ തുറക്കാന്‍ ആവശ്യപ്പെട്ടു.

കോഴിക്കോട്: പെട്രോള്‍ പമ്പില്‍ തോക്കു ചൂണ്ടി യുവാവ് ഒരു ലക്ഷത്തിലധികം രൂപ കവര്‍ന്നു. കുന്ദമംഗലത്തെ പമ്പില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹിന്ദി സംസാരിക്കുന്ന യുവാവാണ് കവര്‍ച്ചയ്‌ക്ക് പിന്നിലെന്ന് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ പൊലീസ് പരിശോധന നടത്തി.

രാത്രി 9.30ഓടെ പമ്പ് അടയ്‌ക്കുന്നതിന് മുന്‍പ് പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെയായിരുന്നു സംഭവം. പ്രദേശത്ത് കനത്ത മഴയും ഇടിയും ഉണ്ടായിരുന്നു. പുറത്ത് നിന്ന് പമ്പിന്റെ ഓഫീസിലേക്ക് കയറി വന്ന ഹിന്ദി സംസാരിക്കുന്ന യുവാവ് തോക്ക് ചൂണ്ടിയ ശേഷം പണം വെച്ചിരുന്ന മേശ തുറക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ ഉണ്ടായിരുന്ന പണം മുഴുവന്‍ എടുത്ത ശേഷം മേശയിലെ ചില്ലറ ഉള്‍പ്പെടെ എടുത്തുകൊണ്ട് പോവുകയായിരുന്നു എന്നും ജീവനക്കാര്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. പ്രതിയെ പിടികൂടാന്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു.