തൃശൂർ കയ്പമംഗലത്ത് ക്ഷേത്രത്തിലും വീട്ടിലും മോഷണം ക്ഷേത്രം കുത്തി തുറന്ന് മോഷണം ഭണ്ഡാരത്തിലെ പതിനായിരം രൂപ നഷ്ടപ്പെട്ടു സമീപത്തെ വീട്ടിലും മോഷണം പൊലീസ് അന്വേഷണം തുടങ്ങി

തൃശൂർ: കയ്പമംഗലത്ത് ക്ഷേത്രവും വീടും കുത്തിത്തുറന്ന് മോഷണം. ഭണ്ഡാരത്തിൽ നിന്ന് പതിനായിരം രൂപ മോഷണം പോയി. തൃശൂർ വഴിയമ്പലം വൻപറമ്പിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. പുലർച്ചെ ക്ഷേത്രത്തിലെത്തിയ കമ്മിറ്റി ഭാരവാഹികളാണ് മോഷണ വിവരം ആദ്യം അറിയുന്നത്. ഓഫീസ് മുറിയുടെ പൂട്ട് തല്ലിത്തകർത്ത നിലയിലായിരുന്നു. ഓഫീസിന്‍റെ മേശവലിപ്പിൽ ഉണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടുണ്ട്. അമ്പലത്തിനകത്തെ ഭണ്ഡാരവും തകർത്തിട്ടുണ്ട്. പതിനായിരം രൂപയോളം നഷ്ടമായെന്നാണ് കരുതുന്നത്.

മൂന്ന് മാസം മുൻപാണ് ഭണ്ഡാരം അവസാനമായി തുറന്നത്.അതിനാൽ വലിയ നഷ്ടം ഉണ്ടായില്ല. ശ്രീകോവിൽ തുറന്നിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സമീപത്തെ വീട്ടിലും കള്ളൻ കയറി. വാതിലുകളും അലമാരകളും കുത്തി തുറന്ന നിലയിലാണ്. വീട്ടിൽ പണമില്ലായിരുന്നു. മറ്റൊന്നും മോഷണം പോയില്ലെന്ന് ഉടമസ്ഥൻ അറിയിച്ചു. മോഷണം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കൈ അടയാളം പതിഞ്ഞിടത്തെല്ലാം മുളക് പൊടിയും മഞ്ഞൾ പൊടിയും വിതറിയിട്ടുണ്ട്. മതിലകം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.