പാലക്കാട്:കുപ്രസിദ്ധ മോഷ്‌ട്ടാവ് പാലക്കാട് പിടിയിലായി.വടക്കാഞ്ചേരി സ്വദേശി വിശ്വനാഥന്‍ ആണ് പിടിയിലായത്. നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ വടക്കഞ്ചേരി, മംഗലംഡാം, മാടവന വീട്ടില്‍ വിശ്വനാഥന്‍. മോഷണക്കേസില്‍ 5 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് ഇരുപതിനാണ് ഇയാള്‍ പുറത്തിറങ്ങിയത്. അതിനു ശേഷം നാല് മോഷണങ്ങളും ഒരു ഡസനോളം മോഷണ ശ്രമങ്ങളുമാണ് ഇയാള്‍ നടത്തിയത്.

പാലക്കാട് മാങ്കാവ് സ്വദേശി ഉണ്ണിയുടെ വീട്ടില്‍ നിന്ന് 10 പവന്‍ ആഭരണങ്ങളും, 14000 രൂപയും കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലാകുന്നത്. അന്നു തന്നെ മറ്റൊരു വീട്ടില്‍ മാക്‌സി ധരിച്ച് അകത്തു കയറാന്‍ ശ്രമിക്കവെ ആളുകള്‍ ബഹളം വച്ചതോടെ ഓടി രക്ഷപ്പെട്ടാണ് ഇയാള്‍ മാങ്കാവിലെത്തുന്നത്. മണ്ണാര്‍ക്കാട്ടെ ഒരു ലോഡ്ജില്‍ താമസിച്ചാണ് ഇയാള്‍ കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നത്. പകല്‍ മോഷണം നടത്തേണ്ട വീടുകളും സ്ഥാപനങ്ങളും കണ്ടുവച്ച ശേഷം രാത്രിയില്‍ മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി.

എസ്‌പി ഓഫീസിനു സമീപമുള്ള മൈത്രി നഗറില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. . ടൌണ്‍ സൌത്ത് സി ഐ R മനോജ്കുമാര്‍, എസ് ഐ സുജിത്കുമാര്‍, ക്രൈം സ്ക്വാഡ് അംഗങ്ങള്‍ ആയ എ‌എസ്‌ഐ ജലീല്‍, സാജിദ് സി‌എസ്, രജീത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജയകുമാര്‍, സി‌പി‌ഓ സതീഷ്, എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.