തേക്കടി: തേക്കടിയിലേക്കുള്ള പ്രവേശന ടിക്കറ്റിനായി ഇനി വനംവകുപ്പിന്‍റെ ചെക്പോസ്റ്റിൽ കാത്തു നിൽക്കേണ്ട. വിനോദ സഞ്ചാരികളുടെ സൗകര്യാർത്ഥം കുമളിയിൽ അഞ്ചു സ്ഥലത്തു നിന്നും ഇനി പ്രവേശന ടിക്കറ്റ് വാങ്ങാം. പ്രവേശന കവാടത്തിലെ തിരക്ക് കുറക്കാൻ വനംവകുപ്പാണ് പുതിയ പദ്ധതി തുടങ്ങിയത്.

തേക്കടിയിലേക്കുള്ള സഞ്ചാരികൾ വനംവകുപ്പിൻറെ ചെക്ക് പോസ്റ്റിൽ നിന്നും പ്രവേശന പാസ്സ് വാങ്ങിവേണം കടുവ സങ്കേതത്തിലേക്ക് കടക്കാൻ. ഇതുവരെ പ്രവേശന പാസ്സ് ചെക്കു പോസ്റ്റിൽ മാത്രമാണ് നൽകിയിരുന്നത്. സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുന്പോൾ പ്രവേശന പാസ്സിനായി ഏറെ നേരം കാത്തു നിൽക്കേണ്ടി വരുന്നത് പതിവായിരുന്നു.

ഇതിനൊരു പരിഹാരമായാണ് പ്രവേശന ടിക്കറ്റ് പല സ്ഥലത്തു നിന്നും നൽകാനുള്ള തീരുമാനം. ഹോളിഡേ ഹോമിനു സമീപത്തെ ഗാന്ധി പാർക്ക്, ആനവച്ചാലിലെ ബാംബൂ ഗ്രോവ്, തേക്കടി റോഡിലം അന്പാടിക്കവലയിലുള്ള ഇൻഫർമേഷൻ സെൻറർ, കുമളി ടൗണിലെ വനംവകുപ്പ് ചെക്കു പോസ്റ്റ് എന്നിവിടങ്ങളിലാണ് ഇതിനുള്ള സൊകര്യമൊരുക്കിയിരിക്കുന്നത്. 

മുന്‍പത്തേതില്‍ നിന്നും വ്യത്യസ്തമായി പ്രവേശന പാസ്സ് ഇനി മുൻകൂട്ടി ബുക്കു ചെയ്യാം. ഇപ്പോഴത്തെ ചെക്കു പോസ്റ്റിൽ ഇവ പരിശോധിച്ച് വാഹനങ്ങൾ വേഗത്തിൽ കടത്തി വിടാൻ കഴിയുംത. അന്പാടി ജംഗ്ഷൻ, നിലവിലെ ചെക്കു പോസ്റ്റ് എന്നിവിടങ്ങളിൽ വാഹനത്തിൽ നിന്നും ഇറങ്ങാതെ ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും വൈകാതെ ഏർപ്പെടുത്തും.