പൊട്ടിക്കരഞ്ഞുകൊണ്ടാണ് പൊലീസ് ഓഫീസറോട് പോകണ്ട എന്ന് നൂർജഹാന്റെ വാക്കുകൾ ​ഗ്രാമവാസികൾ ആരും ഇവർ പോകാൻ സമ്മതിക്കുന്നില്ല

തെലുങ്കാന: കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിലെ ഒരു വിദ്യാലയത്തിലെ കുഞ്ഞുങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനോട് പോകണ്ടെന്ന് പറയുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഭ​ഗവാൻ എന്നായിരുന്നു ആ അധ്യാപകന്റെ പേര്. കെട്ടിപ്പിടിച്ച്, ഉറക്കെ കരഞ്ഞാണ് അവിടുത്തെ കുട്ടികൾ അദ്ദേ​ഹത്തെ പോകാൻ അനുവദിക്കാതിരുന്നത്. സമാന സ്വഭാവമുള്ള മറ്റൊരു വീഡിയോയും ഇപ്പോൽ സോഷ്യൽ മീഡിയ ചർച്ച ചെയ്യാനൊരുങ്ങുന്നുണ്ട്. ആ വീഡിയോയിൽ അധ്യാപകനായിരുന്നെങ്കിൽ ഈ വീഡിയോയിൽ ഒരു പോലീസുകാരിയാണ് താരം. തെലങ്കാനയിലെ മൊയിനാബാദ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സുനിതയോടാണ് ഇവിടെ നിന്ന് പോകണ്ട എന്ന് പറഞ്ഞ് പ്രദേശവാസിയായ സ്ത്രീ പൊട്ടിക്കരയുന്നത്. മാധ്യമപ്രവർത്തകനാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. 

വീഡിയോ ആരംഭിക്കുന്നത് ഇങ്ങനെയാണ്, പൊലീസ് ഓഫീസറുടെ മുന്നിലായി തട്ടമിട്ട ഒരു സ്ത്രീ നിൽക്കുന്നു. ഉദ്യോ​ഗസ്ഥയുടെ കൈകളിൽ അവർ മുറുകെപിടിച്ചിട്ടുണ്ട്. എന്തിനാണ് കരയുന്നതെന്ന് ചോദിച്ച പൊലീസ് ഉദ്യോ​ഗസ്ഥയോട് ഞങ്ങളുടെ നാട്ടിൽ നിന്ന് നിങ്ങൾ പോകുകയല്ലേ സഹിക്കാൻ കഴിയുന്നില്ല എന്നാണ് മറുപടി. സിഐ സുനിതയുടെ കൈകളിൽ മുറുകെപിടിച്ച് കരയുന്ന വീട്ടമ്മയുടെ പേര് നൂർജഹാൻ ബീ​ഗം. 
പ്രിയപ്പെട്ട സുനിത മാഡം പോകുകയാണ് എന്നറിഞ്ഞു കൊണ്ട് ഓടി വന്നതായിരുന്നു അവർ. നൂർജഹാനെപ്പോലെ നിരവധി പേർ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഈ പൊലീസ് സ്റ്റേഷനിലേക്ക് ഓടിവരുന്നുണ്ട്. കാരണം ഇൻസ്പെക്ടർ സുനിത അവിടെയുള്ളവർക്ക് ഒരു സാധാരണ പൊലീസുകാരിയല്ല. അവരെ സംബന്ധിച്ച് കുടുംബാം​ഗമായിട്ടാണ് സുനിതമാഡത്തെ കാണുന്നത്. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും ഇവരെ അളവറ്റ് ഇഷ്ടപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുനിതയ്ക്ക് ട്രാൻസ്ഫർ ഓർഡർ ലഭിച്ചത്. ഇവിടത്തെ സ്റ്റേഷനിൽ രണ്ട് വർഷമാണ് സുനിതയ്ക്ക് പറഞ്ഞിരുന്നത്. എന്നാൽ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ട്രാൻസ്ഫർ ലഭിച്ചത് രാഷ്ട്രീയ സമ്മർദ്ദത്താലാണ് എന്ന് വ്യക്തം. 

ട്രാൻസ്ഫർ വാർത്തയറിഞ്ഞ് നിരവധി പേരാണ് സുനിതയെ കാണാൻ ദിവസവും പൊലീസ് സ്റ്റേഷനിലെത്തുന്നത്. എല്ലാവരുടെയും ആവശ്യം ഒന്നു തന്നെ ഇൻസ്പെക്ടർ സുനിത മൊയിനാബാദിൽ നിന്ന് പോകണ്ട. പോകാൻ അനുവദിക്കില്ല എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. അതിലൊരാളാണ് വീഡിയോയിൽ പൊട്ടിക്കരയുന്ന നൂർജഹാൻ ബീ​ഗം. ഒരേ സമയം സുനിതയുടെ സുഹൃത്തും അമ്മയുമായി പെരുമാറാൻ നൂർജഹാൻ ബീ​ഗത്തിന് കഴിയുമെന്നതാണ് ഇവർ തമ്മിലുള്ള ആത്മബന്ധം.

Scroll to load tweet…

ദുരിതപൂർണ്ണമായ ഒരു ജീവിതത്തിൽ നിന്ന് നൂർജഹാനെ രക്ഷിച്ചത് സിഐ സുനിതയായിരുന്നു. അകന്നു കഴിയുകയായിരുന്ന ഭർത്താവ് നൂർജഹാന്റെ സ്വത്തുക്കളെല്ലാം തട്ടിയെടുത്തു. മാത്രമല്ല, ശാരീരികമായും മാനസികമായും നിരവധി അതിക്രമങ്ങളും ഇവർക്ക് നേരിടേണ്ടി വന്നിരുന്നു. ''നീതിയിലും നിയമത്തിലും എനിക്കുള്ള വിശ്വാസം തന്നെ നഷ്ടമായി. കുടുംബമോ കുട്ടികളോ എനിക്കില്ല. എന്നെ ഏറ്റെടുക്കാനും ആരുമുണ്ടായിരുന്നില്ല. ജീവിക്കാൻ എന്റെ മുന്നിലുണ്ടായിരുന്ന എല്ലാ വഴികളും അടഞ്ഞ അവസ്ഥ. താമസിച്ചിരുന്ന വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് ഭർത്താവിന്റെ മർദ്ദനങ്ങൾ വേറെ. ആ സമയത്താണ് ദൈവത്തേപ്പോലെ സുനിതാ മാഡം എന്റെ ജീവിതത്തിലേക്ക് വന്നത്. നിയമപരമായ എന്റെ സമ്പത്ത് തിരിച്ചെടുത്ത് എനിക്കൊരു ജീവിതം തന്നത് അവരാണ്.'' എന്തുകൊണ്ടാണ് സുനിതാ മാഡം ഇത്രയും പ്രിയപ്പെട്ടവളാകുന്നത് എന്ന ചോദ്യത്തിന് നൂർജഹാൻ ബീ​ഗത്തിന്റെ ഉത്തരം ഇങ്ങനെയാണ്. ആത്മഹത്യയിൽ നിന്നും താൻ ജീവിതത്തിലേക്ക് തിരിച്ചു നടന്നത് സിഐ സുനിതയുടെ കൈപിടിച്ചാണെന്ന് നൂർജഹാൻ പറയുന്നു. 

മൊയിനാബാദിൽ ജോലി ചെയ്യാൻ സാധിച്ചതിൽ സന്തോഷവതിയാണെന്നാണ് സിഐ സുനിതയുടെയും വെളിപ്പെടുത്തൽ. ഇത്രയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർക്കിടയിൽ നിന്ന് പോകാൻ സങ്കടമുണ്ടെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. പൊലീസ് സ്റ്റേഷനിൽ വരാൻ പേടിച്ചിരുന്ന സ്ത്രീകൾ ഇപ്പോൾ ഭയമില്ലാതെ പൊലീസിനെ സമീപിക്കുകയും തങ്ങളുടെ പ്രശ്നങ്ങൾ പങ്കു വയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് സ്റ്റേഷനിലെ മറ്റ് ഉദ്യോ​ഗസ്ഥരും പറയുന്നു. സിഐ സുനിത വന്നതിന് ശേഷമുള്ള മാറ്റമാണിത്. പതിനൊന്ന് മാസം കൂടി മൊയിനാബാദിൽ സുനിതയ്ക്ക് ബാക്കിയുണ്ട്. സർക്കാരിന്റെ ക്രൂരമായ തീരുമാനം എന്നാണ് ഇവർ ഈ ട്രാൻസ്ഫറിനെ വിലയിരുത്തുന്നത്. 

പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഭേദമില്ലാതെ സത്യസന്ധമായി നീതി നിർവ്വഹണം നടത്തുന്ന ഓഫീസറാണ് സിഐ സുനിത. സ്ത്രീകൾക്കിടയിൽ ഏറ്റവും സജീവമായി ഇടപെടാനും അവർക്ക് നീതി വാങ്ങി നൽകാനും അവർ മുൻകൈയെടുക്കാറുണ്ട്. മൊയിനാബാദിലെ ജനങ്ങൾ സിഐ സുനിതയെക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത്. സുനിതയുടെ ട്രാൻസ്ഫർ റദ്ദാക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ് ഇവിടത്തെ ജനങ്ങൾ. അതിനായി അടുത്ത ദിവസം തന്നെ പത്രസമ്മളനവും വിളിച്ചുകൂട്ടുമെന്ന് നൂർജഹാൻ പറയുന്നു. അത്ര പെട്ടെന്ന് തങ്ങളുടെ പ്രിയപ്പെട്ട ഉദ്യാ​ഗസ്ഥയെ വിട്ടുകൊടുക്കാൻ അവർ തയ്യാറല്ല!