കൊല്ലുമെന്ന് പറഞ്ഞതോടെയാണ് ഭയന്ന് വീണ്ടും മൂന്നാര്‍ ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയതെന്ന് മാരിയമ്മ പറഞ്ഞു.

ഇടുക്കി: മൂന്നാറിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ രണ്ട് വയോധികരായ അമ്മമാരെ കാണാം. കൊടും തണുത്തില്‍ തണുത്ത് വിറച്ച് കീറിയ പഴന്തുണയില്‍ സ്വയം പൊതിഞ്ഞ്... രണ്ട് അമ്മമാർ. ഇരുവർക്കും മക്കളുണ്ട്. ഒരാള്‍ക്ക് നാല് മക്കളും മറ്റൊരാള്‍ക്ക് ഒരു മകളും. ഇരുവരുടെയും മക്കള്‍ നല്ലനിലയില്‍ ജീവിക്കുന്നു. എന്നാല്‍ മക്കളുടെ അടുത്തേക്ക് തങ്ങള്‍ക്ക് പോകുന്നതിനെ കുറിച്ച് ചോദിച്ചാല്‍ അവരുടെ കണ്ഠമിടറും... കണ്ണു നിറയും... മക്കളെയോ പേരമക്കളെയോ കാണാന്‍ കഴിയില്ല. അവിടെ ചെന്നാല്‍ അവര്‍ കൊന്നുകളയും, നിറ കണ്ണുകളോടെ അമ്മമാർ പറയുന്നു. 

മൂന്നാര്‍ എം.ജി കോളനിയിലെ ഷെഡിലാണ് മാരിയമ്മ (60) വര്‍ഷങ്ങളായി താമസിച്ചിരുന്നത്. ഇത്തവണ പെയ്ത കനത്ത മഴയില്‍ മണ്‍തിട്ടയില്‍ കെട്ടിപ്പടുത്ത ഷെഡ് നിലംപൊത്തി. കിടക്കാന്‍ ഇടംതേടി മൂന്നാര്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും മക്കള്‍ക്കൊപ്പം താമസിക്കാന്‍ പഞ്ചായത്ത് പ്രസിഡന്‍റ്ടക്കമുള്ളവര്‍ പറഞ്ഞു. 

മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതായതോടെ കഴിഞ്ഞ ദിവസം ഇവർ എസ്റ്റേറ്റിലെ മകളുടെ അടുത്തെത്തി. വൈകുന്നേരത്തോടെ എത്തിയ മരുമകന്‍ തന്നെ തല്ലി പുറത്താക്കുകയായിരുന്നെന്ന് ഇവർ പറഞ്ഞു. കൊല്ലുമെന്ന് പറഞ്ഞതോടെ ഭയന്ന് വീണ്ടും മൂന്നാര്‍ ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയത്. ഫോട്ടോ പത്രത്തില്‍ വന്നാല്‍ മരുമകന്‍ തന്നെ വെട്ടിക്കൊല്ലുമെന്ന് നിറകണ്ണുകളുമായി അവര്‍ പറഞ്ഞു. 

മൂന്നാറില്‍ അഞ്ചുവര്‍ഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് നാല് മക്കളെയും പഠിപ്പിച്ചതും നല്ലനിലയില്‍ വിവാഹം കഴിച്ചുകൊടുത്തതും. ഒരാള്‍ മാത്രമാണ് മൂന്നാറിലെ എസ്റ്റേറ്റിലുള്ളത്. ഒരാള്‍ ചെന്നൈയില്‍ താമസിക്കുന്നു. മറ്റ് രണ്ടുപേര്‍ എവിടെയാണ് താമസിക്കുന്നതെന്ന് പോലും തനിക്കറിയില്ല. ചെന്നൈയില്‍ പോകണമെന്നുണ്ട് പക്ഷേ മകളുടെ മേല്‍വിലാസം അറിയില്ല. 

സമീപത്തായി കിടക്കുന്ന വെള്ളത്തായി (70)ക്ക് ഒരു മകളുണ്ട്. അരുവിക്കാട്ടില്‍ താമസിക്കുന്നു. രണ്ട് മാസമായി ഇവര്‍ ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് അന്തിയുറങ്ങുന്നത്. ഇവര്‍ക്കും വീട്ടില്‍ പോകാന്‍ ഭയമാണ്. രാവിലെ കുടിച്ച ഒരു ഗ്ലാസ് ചായയാണ് ഇവരുടെ ചൊവ്വാഴ്ചത്തെ ഭക്ഷണം. പ്രശ്‌നം പരിഹാരത്തിന് പല കതകുകള്‍ മുട്ടിയെങ്കിലും ഒന്നും തങ്ങള്‍ക്കു മുന്നില്‍ തുറന്നില്ലെന്ന് ഇവര്‍ പറയുന്നു.