തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ രണ്ടാംഘട്ട കുറ്റപത്രത്തിൽ വീണ്ടും അഴിച്ചുപണി. പ്രതിപ്പട്ടികയിൽ ദിലീപിന്‍റെ സ്ഥാനത്തെ കുറിച്ചുള്ള പുതിയ നിയമോപദേശത്തിന്‍റെ പശ്ചാത്തലത്തിലാണിത്. ചില സാക്ഷികൾ മൊഴി മാറ്റിയതിനാൽ, സിനിമാമേഖലയിൽ നിന്നടക്കമുളളവരെ വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്.
എഫ്ഐആറിൽ 11-ാം പ്രതിയായ ദിലീപിനെ ഒന്നാം പ്രതിയാക്കാനായിരുന്നു തീരുമാനം. ആഴ്ചകൾക്ക് മുന്‍പ് കൊച്ചിയിൽ ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇക്കാര്യം തീരുമാനിച്ചിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതിന് തുല്യമാണ് ഇതുമായി ബന്ധപ്പെട്ട ഗൂഡാലോചനയെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. എന്നാൽ ഒന്നാം പ്രതിയാക്കുന്നത് വിചാരണാഘട്ടത്തിൽ തിരിച്ചടിയാകാൻ ഇടയുണ്ടെന്ന നിയമോപദേശവും കിട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപ്പട്ടിക വീണ്ടും അഴിച്ചുപണിയുന്നത്. ദിലീപിനെ രണ്ടാം പ്രതിയാക്കാനോ അല്ലെങ്കിൽ ഏഴാം പ്രതിയാക്കാനോ ആണ് ആലോചന.
നടിയെ ബലാൽസംഗം ചെയ്തെന്ന കുറ്റത്തിന് സുനിൽകുമാറിനെ ഒന്നാം പ്രതിയാക്കി മുഖ്യ ഗൂഡാലോചനക്കാരനായ ദിലീപിനെ രണ്ടാംപ്രതിയാക്കാമെന്നാണ് ഒരു നിയമോപദേശം. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മറ്റുപ്രതികൾക്ക് ഇതേക്കുറിച്ച് കാര്യമായ അറിവില്ലായിരുന്നുവെന്നും സുനിൽകുമാറും ദിലീപും മാത്രമാണ് ഗൂഡാലോചന നടത്തിയതെന്നുമുളള വിലയിരുത്തലിലാണിത്. ദിലീപിനെ ഏഴാം പ്രതിയാക്കാമെന്നതാണ് മറ്റൊരു ആലോചന.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സുനിൽ കുമാറടക്കം ആദ്യകുറ്റപത്രത്തിലെ ആറുപ്രതികളെ അതേപടി നിലനിർത്തും. ഗൂഡാലോചനയുടെ പേരിൽ ദിലീപിനെ ഏഴാം പ്രതിയാക്കും. നിലവിൽ ഏഴാം പ്രതിയായ ചാർളിയെ മാപ്പുസാക്ഷിയാക്കുന്നതും പരിഗണനയിലുണ്ട്. കുറ്റപത്രം തയാറാക്കിയെന്നും പ്രതിപ്പട്ടിക സംബന്ധിച്ച വ്യക്തത ഉടൻ വരുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. ഇതിനിടെ സിനിമാ മേഖലയിൽ നിന്നടക്കം ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നുണ്ട്. കുറ്റപത്രത്തിലെ ചില മൊഴികളുടെയും തെളിവുകളിലേയും പഴുതുകൾ അടയ്ക്കണമെന്ന നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തിലാണിത്.
