ദില്ലി: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായ് കമ്പനി പരാതി നല്കിയിരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥീരീകരിച്ചു. ദുബായില്‍ അന്വേഷണം നടക്കട്ടെയെന്നും വേണ്ടി വന്നാല്‍ പാര്‍ട്ടി തുടര്‍ ചര്‍ച്ച നടത്തുമെന്നും യെച്ചൂരി പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ തൃപ്തിയുണ്ടോ എന്ന ചോദ്യത്തില്‍ നിന്ന് യെച്ചൂരി ഒഴിഞ്ഞുമാറി.

ജനറല്‍ സെക്രട്ടറിയെന്ന നിലയ്ക്ക് തനിക്ക് നിരവധി പരാതികള്‍ കിട്ടാറുണ്ടെന്നും ഇങ്ങനെ കിട്ടിയ പരാതി സംസ്ഥാന സെക്രട്ടറിയേറ്റിന് അയച്ചു കൊടുത്തു. അവര്‍ അതിന് വിശദീകരണം നല്കിയിട്ടുണ്ടെന്നും യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അമിത്ഷായുടെ മകനെതിരെ ആരോപണം വന്നപ്പോള്‍ അത് അന്വേഷിക്കണം എന്നാണ് സിപിഎം ആവശ്യപ്പെട്ടത്. ബിനോയിയുടെ കാര്യത്തില്‍ ദുബായില്‍ കോടതി അന്വേഷിക്കുന്നുണ്ട് എന്നാണ് പരാതിക്കാര്‍ പറയുന്നതെന്നും യെച്ചൂരി പറഞ്ഞു.

മുന്‍നിലപാട് തിരുത്തിയാണ് കോടിയേരിയുടെ മകനെതിരെ പരാതി കിട്ടിയിരുന്നവെന്ന് സീതാറാം യെച്ചൂരി വെളിപ്പെടുത്തിയത്. പാര്‍ട്ടിയുടെ പേര് ഉപയോഗിച്ച് വഴിവിട്ട ഇടപാട് നടത്താന്‍ നേതാക്കള്‍ക്കോ മക്കള്‍ക്കോ അവകാശമില്ല. ആരോപണം തെറ്റാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും കൂടുതല്‍ ഉണ്ടെങ്കില്‍ പിബി ചര്‍ച്ച ചെയ്യും. നേതാക്കളുടെയും പങ്കാളിയുടെയും സ്വത്ത് മാത്രമേ തെറ്റുതിരുത്തലിന്റെ ഭാഗമായി പാര്‍ട്ടിയോട് വെളിപ്പെടുത്തേണ്ടതുള്ളൂ. അമിത്ഷായുടെ മകനെതിരായ ആരോപണത്തിന് തുല്യമല്ലേ ഇതെന്ന ചോദ്യത്തിന് യെച്ചൂരിയുടെ മറുപടി ഇതായിരുന്നു. 

വിദേശ കമ്പനികള്‍ക്ക് ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാമെന്ന ചട്ടം എടുത്തുകളയണമെന്നാവശ്യപ്പെട്ട് വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കളുടെ മക്കളുടെ വിദേശത്തെ ഇടപാടിനെക്കുറിച്ച് ചോദ്യം ഉയര്‍ന്നത്. പാര്‍ട്ടിയുടെ പ്രതിച്ഛായയെ ഇതു ബാധിച്ചോ എന്ന ചോദ്യത്തില്‍ നിന്നും യെച്ചൂരി ഒഴിഞ്ഞു മാറി