സന്നിധാനം: ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ പൊലീസ് സംരക്ഷണം നല്‍കിയെന്ന് ബിന്ദു. മുന്‍കൂട്ടി അറിയിക്കാതെ പമ്പയിലെത്തി സംരക്ഷണം ആവശ്യപ്പെടുകയായിരുന്നുവെന്ന് ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കനക ദുര്‍ഗയും താനും ഏതാനും സുഹൃത്തുക്കളും അടങ്ങുന്ന സംഘമാണ് ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങിയത്. ഭക്തരുടെ ഭാഗത്തു നിന്നും യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല ബിന്ദു വിശദമാക്കി.

ഇന്ന് പുലര്‍ച്ചയോടെയാണ് കനക ദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങിയത്. 1 മണിയോടെ യുവതികൾ മലകയറി. ചെറിയ ഒരു സംഘം പൊലീസ് മഫ്തിയിൽ ഇവരെ അനുഗമിക്കുകയായിരുന്നു.  5 മണിയോടെ യുവതികൾ തിരിച്ച് പമ്പയിലെത്തി. ഡിസംബര്‍ 24ന് ഇരുവരും ശബരിമല ദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ അന്ന് പ്രതിഷേധത്തെ തുടര്‍ന്ന് പിൻമാറുകയായിരുന്നു.