പനാജി: ഗോസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തുന്നതിനെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അണിത് ഷാ. നേരത്തെയും ജനക്കൂട്ടം സ്വയം വിചാരണ നടത്തി മനുഷ്യരെ മര്‍ദിച്ചു കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ആരും ചോദ്യം ചെയ്തിട്ടില്ലെന്നാണ് അമിത് ഷായുടെ വാദം.

2011, 2012, 2013 കാലങ്ങളിലും ജനക്കൂട്ടം വിചാരണ ചെയ്ത്‌കൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് ആരും അത് ചോദ്യം ചെയ്തില്ലെന്നും പിന്നെ, ഇപ്പോള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുകയെന്നും അമിത് ഷാ ചോദിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും ഏറെ പഴികേള്‍ക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം. 

ഉത്തര്‍ പ്രദേശില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ മര്‍ദിച്ചു കൊലപ്പെടുത്തിയത് സമാജ്‌വാദി പാര്‍ട്ടി അധികാരത്തില്‍ ഇരിക്കുമ്പോഴാണ്. അത് അവരുടെ ഉത്തരവാദത്തിമാണ്. പക്ഷേ, അപ്പോഴും മോദി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുനേരെ അതിക്രമം വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും അമിത് ഷാ പറഞ്ഞു.