Asianet News MalayalamAsianet News Malayalam

തെരേസ മെയ്ക്ക് ആശ്വാസം; സ്വന്തം പാർട്ടിക്കാരുടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

പ്രധാനമന്ത്രി സ്ഥാനം നഷ്ടമാക്കാതെ പുതിയ ഭരണാധികാരിയെ കണ്ടെത്താനുള്ള ആഭ്യന്തര തെരഞ്ഞെടുപ്പാണ് അവിശ്വാസ പ്രമേയത്തിലൂടെ പാർട്ടി ഉദ്ദേശിച്ചത്. പക്ഷേ, വോട്ട് രേഖപ്പെടുത്തിയവരിൽ 67 ശതമാനവും പ്രധാനമന്ത്രിക്ക് പിന്തുണ നൽകി

Theresa May survives confidence vote
Author
Britain, First Published Dec 13, 2018, 8:34 AM IST

ലണ്ടന്‍: ബ്രിട്ടനിൽ പ്രധാനമന്ത്രി തെരേസ മെയ്ക്ക് ആശ്വാസം. സ്വന്തം പാർട്ടിയിലെ എംപിമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 83 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു തെരേസ മെയുടെ ജയം. ബ്രക്സിറ്റിൽ ഉലയുന്ന ബ്രിട്ടണിൽ തെരേസ മെയുടെ സ്ഥാനം തന്നെ അനിശ്ചിതത്വത്തിലാണ്.

എതിരഭിപ്രായം രൂക്ഷമായ സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയത്തിലേക്ക് കൺസർവേറ്റീവ് പാർട്ടി കടന്നത്. പ്രധാനമന്ത്രി സ്ഥാനം നഷ്ടമാക്കാതെ പുതിയ ഭരണാധികാരിയെ കണ്ടെത്താനുള്ള ആഭ്യന്തര തെരഞ്ഞെടുപ്പാണ് അവിശ്വാസ പ്രമേയത്തിലൂടെ പാർട്ടി ഉദ്ദേശിച്ചത്.

പക്ഷേ, വോട്ട് രേഖപ്പെടുത്തിയവരിൽ 67 ശതമാനവും പ്രധാനമന്ത്രിക്ക് പിന്തുണ നൽകി. 117നെതിരെ 200 വോട്ടിനാണ് തെരേസ മെയ് ജയിച്ചത്. 83 വോട്ടിന്‍റെ വൻഭൂരിപക്ഷത്തോടെ മെയ് പാർട്ടിയിൽ തന്‍റെ സ്ഥാനം ഉറപ്പിച്ചു. ഒരു വർഷത്തേക്ക് പുതിയ ഭരണാധികാരിയെ കൺസർവേറ്റീവ് പാർട്ടി തേടില്ല.

പക്ഷേ കാര്യങ്ങൾ ഇപ്പോഴും മെയ്ക്ക് എളുപ്പമല്ല. ലേബർ പാർട്ടി പാർലമെന്‍റിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ്. പാർലമെന്‍റിൽ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം പാസാകുമോ എന്നതനുസരിച്ചാവും മെയുടെ ഭാവി.

ബ്രക്സിറ്റ് കരാറിന്‍റെ കരടിനെതിരെ വിമർശനം ശക്തമായ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം കരാർ പാർലമെന്‍റിൽ അവതരിപ്പിക്കുന്നതും വോട്ടെടുപ്പും പ്രധാനമന്ത്രി ഏകപക്ഷീയമായി പിൻവലിച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണം. 
 

Follow Us:
Download App:
  • android
  • ios