ഇവരുടെ വിയോഗമറിഞ്ഞ് നാടിന്റെ നാനഭാഗങ്ങളില്‍ നിന്നും രാവിലെ തന്നെ നൂറുകണക്കിനാളുകള്‍ ഒഴുകിയെത്തി.
ആലപ്പുഴ: ഞെട്ടലില് നിന്ന് മോചിതരാകാതെ സീ വ്യൂവാര്ഡിലെ ജനങ്ങള്... നാടിന് പ്രിയപ്പെട്ടവരായ നാലുപേരും ഇനി തിരിച്ചുവരില്ലെന്ന വാര്ത്ത ഉള്ക്കൊള്ളാന് നാട്ടുകാര്ക്കാകുന്നില്ല. ഖലാസിപ്പണിക്കാരായ സഹോദരങ്ങളും കൂട്ടുകാരും ഇനി നീറുന്ന ഓര്മ്മ മാത്രം. ചെങ്ങന്നൂരില് കഴിഞ്ഞ ദിവസം പണിക്ക് പോയി ഇന്ന് രാവിലെ മടങ്ങിവരും വഴിയാണ് കെ എസ് ആര് ടി സി ബസ് , പിക്കപ്പ് വാനില് ഇടിച്ച് ആലപ്പുഴ സിവ്യൂ വാര്ഡില് പുതുവല് പുരയിടത്തില് സഹോദങ്ങളായ സജീവ്, ബാബു, അയല്വാസികളായ പള്ളിപ്പുരയിടത്തില് ബാബുകോയ, ആസാദ് എന്നിവരാണ് മരിച്ചത്.
വര്ഷങ്ങളായി ഖലാസി പണിയ്ക്ക് ഇവര് ഒരുമിച്ചാണ് പോകുന്നത്. കൂടാതെ യൂണിയന് പണിക്കും പോകും. സജീവ്, ആസാദ് എന്നിവര് ഐ എന് ടി യു സി യൂണിയനില്പ്പെട്ടവരാണ്. നാലുപേരെക്കുറിച്ചും കൂട്ടുകാര്ക്കും നാട്ടുകാര്ക്കും ബന്ധുക്കള്ക്കുമെല്ലാം പറയാന് നല്ലതുമാത്രം. പണിയെടുത്ത് കുടുംബം പോറ്റാന് നെട്ടോട്ടമോടുന്നവരാണിവര്. ഇവരുടെ വിയോഗമറിഞ്ഞ് നാടിന്റെ നാനഭാഗങ്ങളില് നിന്നും രാവിലെ തന്നെ നൂറുകണക്കിനാളുകള് ഒഴുകിയെത്തി. അന്നം തേടിയുള്ള യാത്ര അന്ത്യയാത്രയായി മാറിയതിന്റെ സങ്കടപ്പെരു മഴയാണ് നാട്ടില്.
ചെങ്ങന്നൂരില് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ് ആർടിസിബസും ചെങ്ങന്നൂരിലേക്ക് വരികയായിരുന്ന പിക്കപ്പ് ഓട്ടോയും തമ്മില് കൂട്ടിയിടിക്കുകയായിരുന്നു. ബസിലെ അഞ്ചോളം പേര്ക്കും പരിക്കുണ്ട്. മരിച്ചവരില് സജീവ് ഇബ്രാഹിം, ബാബു ഇബ്രാഹിം എന്നിവർ സഹോദരങ്ങളാണ്. ആസാദും ഇവരുടെ ബന്ധുവാണ്. ആലപ്പുഴ വൈദ്യർ മുക്ക്. സിവ്യൂ വാർഡ് സ്വദേശികളാണ് എല്ലാവരും.
