ഇടുക്കി: സ്വത്തു വകകള്‍ എല്ലാം കൈക്കലാക്കിയ ശേഷം എണ്‍പത്തഞ്ചുകാരിയെ ബന്ധുക്കള്‍ ഉപേക്ഷിച്ചു. രാജാക്കാട് കുരങ്ങുപാറ സ്വദേശിനിയായ നാരായണിയാണ് ഈ ദുര്‍ഗതിയ്ക്ക് ഇരയായത്. ചെറുപ്പത്തിലേ വിവാഹം നടന്നിരുന്നെങ്കിലും ഏറെ താമസിയാതെ ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടതോടെ നാരായണി മാതാപിതാക്കളോടും സഹോദരങ്ങളോടും ഒപ്പമാണ് കഴിഞ്ഞിരുന്നത്. മാതാപിതാക്കള്‍ മരണമടഞ്ഞതോടെ തനിക്ക് ലഭിച്ച രണ്ടേക്കര്‍ സ്ഥലത്ത് പണിയെടുത്താണ് കഴിഞ്ഞിരുന്നത്. ഒറ്റയ്ക്ക് താമസിക്കവെ സഹോദരങ്ങള്‍ നിര്‍ബന്ധിച്ച് അവരോടൊപ്പം താമസിക്കാന്‍ തുടങ്ങി.

ഇതിനിടയില്‍ ഭൂമി പലപ്പോഴായി അവര്‍ കൈക്കലാക്കിയെന്നാണ് ആരോപണം. തുടര്‍ന്ന് സഹോദരിയുടെ മകളോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഉണ്ടായിരുന്ന പണവും സ്വത്തും ഇവര്‍ക്ക് നല്‍കി. ഇതിനിടയില്‍ ഉപദ്രവവും ഉണ്ടായതായി നാരായണി പറയുന്നു. ഇതു പോലീസ് കേസില്‍ വരെ എത്തിച്ചു. കഴിഞ്ഞ നാളുകളില്‍ സഹോദരിയുടെ മകളും കുടുംബാംഗങ്ങളും ഭക്ഷണം നല്‍കാതെ ഉപദ്രവിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ചൊവ്വാഴ്ച്ച ഒരു വാഹനത്തില്‍ കുരുവിളാ സിറ്റി ഗുഡ് സമരിറ്റന്‍ ആതുരാശ്രമത്തില്‍ തനിയെയാണ് നാരായണി എത്തിയത്. ബന്ധുക്കളില്‍ ആരോ ആശ്രമത്തിന് സമീപം വഴിയില്‍ വാഹനത്തില്‍ കൊണ്ടുവന്നു വിടുകയായിരുന്നുവെന്ന് നാരായണി പറഞ്ഞു.

ആശ്രമം ഡയറക്ടര്‍ ഫാ.ബെന്നി ഉലഹന്നാന്‍ രാജാക്കാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പോലീസിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നാരായണിയ്ക്ക് ആശ്രമത്തില്‍ ആശ്രയം നല്‍കുകയായിരുന്നു. അവശരും ആലംബഹീനരുമായ അന്‍പതോളം പേര്‍ ആശ്രമത്തിലുണ്ട്. ഇവരോടൊപ്പം പരസ്പര സഹായസഹകരണത്തില്‍ നാരായണിയും വേദനകള്‍ മറന്ന് ഒത്തുചേര്‍ന്നു. പത്തൊന്‍പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആതുരാശ്രമത്തില്‍ ഇതുവരെ നൂറ്റിയന്‍പതോളം പേര്‍ക്ക് കാരുണ്യ തണലൊരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.