ക്ഷേത്രങ്ങളിലെത്തി മുട്ടുകുത്തി പ്രാര്‍ത്ഥിച്ച ശേഷം മോഷണം നടത്തുന്ന കള്ളനെ പൊലീസ് പിടികൂടി. ആലപ്പുഴ പരവൂര്‍ സ്വദേശി സുമേഷിനെ കരുനാഗപ്പള്ളി പൊലീസാണ് വലയിലാക്കിയത്.

രാത്രി ക്ഷേത്രത്തിലെത്തുന്ന സുമേഷ് ആദ്യം മുട്ടുകുത്തി പ്രാര്‍ത്ഥിക്കും. ധ്യാനത്തിന് ശേഷം ആ ക്ഷേത്രം തന്നെ കുത്തിത്തുറക്കും. അമ്പലത്തെ വിലപിടിപ്പുള്ള സാധനങ്ങള്‍ കൈക്കലാക്കി മടങ്ങും. കാണിക്കവഞ്ചി ഇളക്കിമാറ്റി മറ്റൊരു സ്ഥലത്ത് കൊണ്ട് പോയാണ് പൂട്ട്പൊളിക്കും. വഞ്ചിയില്‍ നിന്ന് നോട്ടുകള്‍ മാത്രമേ എടുക്കൂ. മോഷ്‍ടിക്കുന്ന പണം കുഴിച്ചിടുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു.കൊല്ലം ആലപ്പുഴ ജില്ലകളിലെ ക്ഷേത്രങ്ങളിലാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. സുമേഷിനെ കുടുക്കാനായി കരുനാഗപ്പള്ളി എസിപിയുടെ കീഴില്‍ പ്രത്യേക സ്‍കാഡ് രൂപീകരിച്ചിരുന്നു.

സമാനമായ കേസില്‍ ഇതിന് മുൻപും ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.2015 ല്‍ ശിക്ഷാ കാലാവധി കഴിഞ്ഞിറങ്ങി വീണ്ടും മോഷണത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് കുടുക്കിയത്.