കൊച്ചി: ഉത്സവപറമ്പുകളിൽ മദ്യപിച്ചെത്തി തിരക്കിനിടയിൽ കവർച്ച നടത്തുന്ന സംഘത്തിൽ പെട്ട നാല് പേരെ എറണാകുളം ആലുവയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ശിവരാത്രി മണപ്പുറത്തെത്തിയവരുടെ പണവും വസ്തുക്കളും തട്ടിയെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
കോതമംഗലം നെല്ലിക്കുഴി സ്വദേശി ബാലകൃഷ്ണൻ നായർ, കീഴ്മാട് സ്വദേശി അനീഷ്, മാറമ്പിള്ളി സ്വദേശി ബിനു, കടത്തുരുത്തി സ്വദേശി ഷാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുവായൂർ സ്വദേശിയായ ഒരാൾ ആലുവപ്പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഇയാളുടെ വസ്ത്രങ്ങളും, നാലായിരം രൂപ അടങ്ങുന്ന ബാഗും, മൊബൈൽ ഫോണും ഇവർ തട്ടിയെടുത്തു. തിരികെ വാങ്ങാൻ ശ്രമിച്ചപ്പോൾ ഇവർ സംഘം ചേർന്ന് മർദ്ദിച്ചു..വിവരമറിഞ്ഞെത്തിയ പൊലീസ് ബലംപ്രയോഗത്തിലൂടെ ഇവരെ പിടികൂടുകയായിരുന്നു. മണപ്പുറം കേന്ദ്രീകരിച്ച് നടന്ന സമാനമായ നിരവധി തട്ടിപ്പ് കേസുകളിൽ ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
