കൊച്ചിക്കാർക്കിനി സുഖമായി ഉറങ്ങാം; ബിജു അകത്താണ്
കൊച്ചി: നഗരവാസികളുടെ ഉറക്കംകെടുത്തിയ മോഷ്ടാവ് ബിജുവിനെ കാപ്പാ നിയമം ചുമത്തി ഒരു വർഷത്തെ കരുതല്‍ തടങ്കലിനയച്ചു. ജില്ലാ കളക്ടറുടെ ഉത്തരവിലാണ് അസാധാരണ നടപടി. നഗരപരിധിയിലെ വീടുകളില്‍ മോഷണം പതിവാക്കിയ കോട്ടയം നാട്ടകം സ്വദേശി ബിജുവിനെയാണ് കരുതല്‍ തടങ്കലിനായി വിയ്യൂർ ജയിലിലേക്ക് മാറ്റിയത്.
കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍റെ പരിധിയില്‍ ഏറ്റവും കൂടുതല്‍ മോഷണക്കേസുകളുള്ളത് ബിജുവിന്‍റെ പേരിലാണ്, എട്ട് കേസുകള്‍. ജില്ലയ്ക്ക് അകത്തും പുറത്തും കേസുകള്‍ പെരുകിയതോടെ പോലീസിന് തലവേദനയായി. ശിക്ഷ കഴിഞ്ഞ് ഇറങ്ങുന്ന മുറയ്ക്ക് വീണ്ടും നഗരത്തിന്‍റെ ഉറക്കം കെടുത്താന്‍ ബിജുവെത്തും. ഇതോടെയാണ് ഇയാളെ അകത്താക്കാന്‍ പോലീസ് ജില്ലാ കളക്ടറുടെ അനുമതി തേടിയത്. ഇയാളെ കൂടാതെ നഗരത്തില്‍ മോഷണവും തട്ടിപ്പും പതിവാക്കിയ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലിനയക്കുമെന്നും കൊച്ചി പോലീസ് അറിയിച്ചു.
