അമ്പലപ്പുഴ: ഹോട്ടലിലെ സംഭാവനപ്പെട്ടി കവര്‍ന്നയാള്‍ ഒരുമാസത്തിനുശേഷം പിടിയില്‍. ഹോട്ടലിലെ സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിച്ചതാണ് കള്ളനെ കുടുക്കിയത്. തൃശ്ശൂര്‍ പെരിങ്ങോട്ടുതറ സ്വദേശി തെക്കിനേടത്ത് സന്തോഷ്‌കുമാറാണ് (41) അമ്പലപ്പുഴ പോലീസിന്റെ പിടിയിലായത്.

ഒരുമാസം മുന്‍പ് അമ്പലപ്പുഴ നീര്‍ക്കുന്നത്തുള്ള ഒരു ഹോട്ടലിലായിരുന്നു കവര്‍ച്ച. പാവങ്ങളെ സഹായിക്കുന്നതിനായി ഹോട്ടലിന്റെ കാഷ് കൗണ്ടറില്‍ നേര്‍ച്ചപ്പെട്ടി വച്ചിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിച്ചശേഷം പുറത്തിറങ്ങിയ പ്രതി കൈയില്‍ കരുതിയിരുന്ന കൂടില്‍ ഈ നേര്‍ച്ചപ്പെട്ടി എടുത്തിട്ടശേഷം മുങ്ങി. എന്നാല്‍ ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

ഹോട്ടലുടമ ഈ ദൃശ്യങ്ങള്‍ വാട്‌സാപ്പിലും ഫെയ്‌സ് ബുക്കിലും പ്രചരിപ്പിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം വണ്ടാനത്ത് സന്തോഷ്‌കുമാര്‍ നില്‍ക്കുന്നത് ഹോട്ടലുടമയുടെ സുഹൃത്ത് കണ്ടു. വാട്‌സാപ്പില്‍ കണ്ട ദൃശ്യംവച്ചാണ് ഇയാളെ തിരിച്ചറിഞ്ഞ സുഹൃത്ത് പ്രതിയെ കൂട്ടി ഹോട്ടലിലെത്തുകയായിരുന്നു. തുടര്‍ന്ന് സി.സി.ടി.വിയിലെ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ച് ആളെ ഉറപ്പാക്കിയശേഷം പോലീസിനെ അറിയിച്ചു.

തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റുചെയ്തു. ഇയാള്‍ നിരവധി മോഷണകേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.