മോഷണശ്രമത്തിനിടെ കുടുങ്ങി പതിനേഴുകാരന്‍. സഹായത്തിനായി ഒടുവില്‍ പൊലീസിനെ തന്നെ വിളിച്ചുവരുത്തി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അറസ്റ്റില്‍ നിന്ന് രക്ഷയായി

നോര്‍വേ: മോഷണം നടത്തിയ ശേഷം പൊലീസിനെ സ്വയം വിളിച്ചുവരുത്തേണ്ടിവന്ന ഒരു കള്ളന്റെ അവസ്ഥയാണ് ഇപ്പോള്‍ നോര്‍വേയിലെ ട്രൊന്‍ഡലാഗില്‍ ഹിറ്റ് ട്രോളായിരിക്കുന്നത്. പതിനേഴുകാരനായ കള്ളനാണ് ഈ 'ദുരവസ്ഥ'യുണ്ടായത്. 

മോഷ്ടിക്കാനായി ഞായറാഴ്ച രാത്രി വളരെ വൈകിയാണ് യുവാവ് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറിനകത്തേക്ക് കയറിയത്. എന്നാല്‍ അല്‍പസമയത്തിനകം തന്നെ താന്‍ കാറിനകത്ത് കുടുങ്ങിയിരിക്കുന്നുവെന്ന് ഇയാള്‍ മനസ്സിലാക്കി. ഡോര്‍ തുറന്ന് പുറത്തുകടക്കാനും ചില്ല് തകര്‍ക്കാനുമെല്ലാം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

ഒടുവില്‍ തിങ്കളാഴ്ച രാവിലെയോടെ യുവാവ് സഹായത്തിനായി പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പൊലീസെത്തി ഏറെ ശ്രമപ്പെട്ടാണ് യുവാവിനെ പുറത്തെടുത്തത്. പുറത്തെത്തിച്ച ശേഷം ഇയാളെ നേരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അവിടെ വച്ച് ചോദ്യം ചെയ്ത ശേഷം യുവാവിനെ വീട്ടുകാര്‍ക്കൊപ്പം പറഞ്ഞുവിടുകയായിരുന്നു.