കോട്ടയം: കോട്ടയം തിരുവഞ്ചൂരില്‍ മൂന്ന് വീട്ടൂകാരെ ആക്രമിച്ച് മോഷണം നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമിഴ്നാട് മാനാമധുര സ്വദേശികളാണ്. ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

രണ്ട് ദിവസം മുന്‍പാണ് തിരുവഞ്ചൂര്‍ നീ‍റിക്കാടില്‍ മൂന്ന് വീടുകളില്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ പ്രദേശവാസികളായ ടോമി ഭാര്യ ഡെയ്സി ഇടപ്പള്ളി കുഞ്ഞ് കുഞ്ഞിന്റെ ഭാര്യ ശോഭ എന്നിവര്‍ പരിക്കേറ്റ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ തമിഴ്നാട് ശിവഗംഗ സ്വദേശ് ശെല്‍വരാജ് ബന്ധു രാജ്കുമാ‍ര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സായിക്കുടി സ്വദേശ് അരുണ്‍രാജിനെ പിടികൂടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഈ മൂന്ന് പേരും നിരവധി മോഷണകേസുകളില്‍ പ്രതികളാണ്.

പിന്‍വാതില്‍ തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അ‍ര്‍ദ്ധരാത്രിയില്‍ ഇവര്‍ വീട്ടിനുള്ളില്‍ കയറിയത് അടിവസ്‌ത്രം മാത്രമായിരുന്നു വേഷം. എതിര്‍ക്കാന്‍ ചെന്ന വീട്ടുകാരെ വെട്ടിവീഴ്ത്തി.ഡെയ്സിയുടേയും ശോഭയുടേയും സ്വര്‍ണ്ണമാലകള്‍ അപഹരിച്ചു. സംഭവം നടന്നയുടന്‍ അയ‍ര്‍കുന്നം പൊലീസും ജില്ലയിലെ വിവിധ പൊലീസ് സംഘവും നടത്തിയ അന്വേഷണത്തില്‍ അന്ന് തന്നെ ഇരുവരെയും പിടികൂടാന്‍ കഴി‌‌ഞ്ഞു. നേരത്തെ മോഷണക്കേസില്‍ 5 വ‌ര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച കൊടുകുറ്റവാളിയായ ശെല്‍വരാജ് ഈ വര്‍ഷം ജനുവരിയില്‍ വൈക്ക് നടന്ന മോഷണക്കേസിലും പ്രതിയാണ്. തമിഴ്നാട്ടിലും എട്ടോളം കേസുകളിലും ശെല്‍വരാജ് പ്രതിയാണ്.