ലക്നൗ: ഉത്തര്‍പ്രദേശിലെ വാരണസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്ത ജയപൂര്‍ ഗ്രമാത്തില്‍ തെരുവുകളില്‍ വെളിച്ചമില്ല. സന്ധ്യയായാല്‍ തെളിയാറുള്ള സോളാര്‍ തെരുവ് വിളക്കുകള്‍ ഈ ഗ്രാമത്തില്‍ കത്താറില്ലെന്നതാണ് കാരണം. 

133 സോളാര്‍ ലൈറ്റുകളില്‍ 80 എണ്ണത്തോളം കത്തുന്നില്ല. മൂന്ന് വര്‍ഷം മുമ്പാണ് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് ഈ സോളാര്‍ ലൈറ്റുകളിലെ ബാറ്ററികള്‍ മോഷണം പോയതാണ് ഈ ഗ്രാമത്തെ ഇരുട്ടിലാക്കിയത്. 

ജയപൂരിനെ ദത്തെടുത്തതായി 2014 ല്‍ മോദി പ്രഖ്യാപിച്ചതിന് പിന്നാലെ 2015 ലാണ് ഇവിടെ സോളാര്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത്. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ 50 ഓളം ബാറ്ററികള്‍ മോഷണം പോയി. 

ഇത് സംബന്ധിച്ച് പൊലീസിന് പരാതി നല്‍കിയിട്ടും വേണ്ട നടപടി ഉണ്ടായില്ലെന്ന് ഗ്രാമതലവന്‍ ശ്രീനാരായണ്‍ പട്ടേല്‍ പറഞ്ഞു. നടപടികളൊന്നും സ്വീകരിച്ചില്ലെങ്കിലും ബാക്കിയുള്ള 30 ബാറ്ററികള്‍കൂടി വീണ്ടും മോഷണം പോയി. വീണ്ടും പരാതിപ്പെട്ടെങ്കിലും ഇതുവരെയും നടപടിയെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.