കൊച്ചി: മീടു ആരോപണങ്ങള്‍ സിനിമയില്‍ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് സൂചിപ്പിച്ച് സംവിധായകന്‍ ലാല്‍ജോസ്. തന്‍റെ സിനിമകളില്‍ സഹസംവിധായകരായി സ്ത്രീകള്‍ വരുമ്പോള്‍ രണ്ടാമതൊന്നു കൂടി ആലോചിക്കേണ്ടി വരുന്നുണ്ടെന്ന് ഒരു പരിപാടിയില്‍ ലാല്‍ജോസ് തുറന്നു പറഞ്ഞു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നതിലൂടെ പുലിവാല്‍ പിടിക്കാനില്ലെന്നാണ് ലാല്‍ജോസ് വ്യക്തമാക്കുന്നു. സിനിമ ചെയ്യുമ്പോള്‍  പല അവസരങ്ങളിലും ഒപ്പം ജോലി ചെയ്യുന്നവരെ വഴക്കു പറയേണ്ടിയും ചീത്ത വിളിക്കേണ്ടിയുമൊക്ക വരും. അപ്പോഴൊക്കെ ആണ്‍കുട്ടികളോട് പെരുമാറുന്നതു പോലെ തന്നെ പെണ്‍കുട്ടികളോടും പല കാര്യങ്ങളും തുറന്നു സംസാരിക്കേണ്ടി വരും. 

അതിനെയൊക്കെ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ എങ്ങനെ എടുക്കും എന്ന ഭയം ഇപ്പോഴുണ്ട്. ആ ഭയം നല്ലതിനാണോ എന്നത് വേറെ വിഷയമാണ്. കൂടെ ജോലി ചെയ്ത പെണ്‍കുട്ടി സെറ്റിലുണ്ടായിരുന്ന എല്ലാവരേയും അടച്ചാക്ഷേപിക്കുന്നത് സിനിമയ്ക്ക് ദോഷം ചെയ്യുമെന്നും ലാല്‍ജോസ് പറയുന്നു. 

അതേസമയം പത്തു വര്‍ഷം മുമ്പ് തന്നോടൊപ്പം മൂന്ന് വനിത സഹസംവിധായകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും തന്‍റെ കൂടെ സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടെന്നും  അവരാരും ഇത്തരം ആരോപണങ്ങള്‍  ഉന്നയിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
മുമ്പുണ്ടായ കാര്യത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നതിന്റെ ആവശ്യം എന്താണെന്നാണ്  ചോദിക്കുന്നു ലാല്‍ജോസ്.

ഇത്തരം വെളിപ്പെടുത്തലുകളില്‍ ചിലത് മാത്രമായിരിക്കും സത്യം ബാക്കിയുള്ളവ വ്യാജവുമായിരിക്കും എന്നുമാണ് അദ്ദേഹം പറയുന്നത്.