പാറ്റ്ന: നളന്ദയിലെ ആർജെഡി നേതാവ് ഇന്ദൽ പാസ്വാൻ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ പതിമൂന്നുകാരനെ തല്ലിക്കൊന്നു. ബുധനാഴ്ച രാവിലെയാണ് ഇന്ദൽ പാസ്വാനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ പങ്കുള്ളതായി സംശയിക്കുന്ന വ്യക്തിയുടെ ബന്ധുവാണ് ആൾക്കൂട്ടം തല്ലിക്കൊന്ന കൗമാരക്കാരൻ. 

കഴിഞ്ഞ ദിവസം മാ​ഗ്ദസാരൈയിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് ഇന്ദൽ പാസ്വാന് വെടിയേറ്റത്. ആരാണ് അക്രമിയെന്നോ എന്താണ് കൊലയ്ക്ക് കാരണമെന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ഇന്ദൽ പാസ്വാന്റെ മരണവാർത്തയറിഞ്ഞ് ആർജെഡി പാർട്ടി പ്രവർത്തകരും അണികളും സംഘടിച്ചു. കൊലയിൽ പങ്കുണ്ടെന്ന് സംശയിച്ചവരുടെ വീടുകളെല്ലാം ഇവർ അ​ഗ്നിക്കിരയാക്കി. ഈ സംഘർഷത്തിനിടയിലാണ് അക്രമികൾ പതിമൂന്നുകാരനെ തല്ലിക്കൊന്നത്.