പത്തനംതിട്ട: തിരുവല്ലയിലെ ബൈപ്പാസ് റോഡ് നിര്‍മ്മാണം മുടങ്ങിയതില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ കൂട്ടായ്മ. നമ്മുടെ തിരുവല്ല എന്ന പേരിലുള്ള വാട്സ് ആപ്പ്, ഫേസ് ബുക്ക് ഗ്രൂപ്പുകളിലെ അംഗങ്ങളും രാഷ്ട്രീയ, സാംസ്കാരിക പ്രവര്‍ത്തകരുമാണ് നിര്‍ദ്ദിഷ്ട ബൈപ്പാസ് റോഡില്‍ ഒത്തുചേര്‍ന്നത്.

പാട്ടുപാടിയും വലിയ ക്യാന്‍വാസില്‍ ചിത്രം വരച്ചും പ്രതിഷേധം പ്രകടമാക്കി. എട്ട് മാസമായി തിരുവല്ല ബൈപ്പാസ് റോഡ് നിര്‍മ്മാണ പദ്ധതിയുടെ പ്രവർത്തനം നിലച്ച മട്ടാണ്. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തില്‍ തിരികത്തിച്ച് റോഡിന്‍റെ വശങ്ങളില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. 

ഒരു ബൈപ്പാസ് റോഡ് പോലുമില്ലാത്ത നാടാണ് തിരുവല്ല. ഗതാഗതക്കുരുക്ക് മൂലം വീര്‍പ്പ് മുട്ടുന്ന എം.സി. റോഡാണ് തിരുവല്ല കടക്കാന്‍ ഏക ആശ്രയം. രാമന്‍ചിറയില്‍നിന്ന് മഴുവങ്ങാട് വരെ രണ്ടര കിലോമീറ്റര്‍ ദൂരത്തിലുള്ള ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണം 2014ല്‍ തുടങ്ങിയതാണ്. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാകാത്തതും രൂപരേഖയിലെ പിഴവും മൂലം 8 മാസം മുന്പ് പദ്ധതി നിലച്ചു. ഉടന്‍ റീടെണ്ടര്‍ വിളിച്ച് ഒരു വര്‍ഷത്തിനകം ബൈപ്പാസ് പൂര്‍ത്തിയാക്കുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ മാത്യു ടി തോമസ് പറഞ്ഞു.