ചങ്ങനാശ്ശേരി: തൃക്കൊടിത്താനത്ത് അഞ്ചാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ , കേസെടുത്ത് ഒന്നരമാസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്തില്ല. കേസിലെ പ്രതിയും ബന്ധുക്കളും, കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി പെൺകുട്ടിയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പെൺകുട്ടി പരാതി പറയുകയും തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ അമ്മ നേരത്തെ കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു. അമ്മയുടെ ബന്ധുവാണ് കേസിലെ പ്രതി. മാർച്ച് 1 ന് കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ട് പോയില്ലെന്ന് പിതാവ് പറയുന്നു

കേസ് പിൻവലിക്കാനും മൊഴി മാറ്റാനും ആവശ്യപ്പെട്ട് പ്രതിയും ബന്ധുക്കളും വധ ഭീഷണിമുഴക്കുന്പോഴും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു.

പ്രതി ഒളിവിലാണെന്നും, ഉടൻ പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ചങ്ങനാശ്ശേരി സി ഐ അറിയിച്ചു. പിതാവിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി ലഭിച്ചിട്ടില്ലെന്നും , അങ്ങനെ ഉണ്ടെങ്കിൽ പൊലീസ് നടപടി എടുക്കുമെന്നും ചങ്ങനാശ്ശേരി സി ഐ വ്യക്തമാക്കി.