കോഴിക്കോട് തിരുവമ്പാടിയില്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി. പ്രാരംഭ റിപ്പോര്‍ട്ട് കോഴിക്കോട് ജില്ല കലക്ടര്‍ ഉടന്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. വിമാനത്താവളത്തിനായുള്ള സ്ഥലം തിരുവമ്പാടിയില്‍ കണ്ടെത്തിയിട്ടുണ്ട്.

തിരുവമ്പാടിയില്‍ വിമാനത്താവളം തുടങ്ങാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ സജീവമായിരിക്കുക യാണ്. കഴിഞ്ഞ ദിവസം ഈ വിഷയം തിരുവമ്പാടി എം.എല്‍.എ ജോര്‍ജ്ജ് എം തോമസ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. കോഴിക്കോട് മലപ്പുറം കലക്ടര്‍മാരോടും കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയരക്ടറോടും സാധ്യതാ പഠനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശി ച്ചിട്ടുണ്ട്.തിരുവമ്പാടിയില്‍ എയര്‍പോര്‍ട്ട് നിര്‍മ്മാണത്തിനായി മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ എന്ന പേരില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വിമാനത്താവത്തിന്റെ അനുമതിക്കായി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഈ കമ്മിറ്റി അപേക്ഷ നല്‍കിയിരിക്കുകയാണ്.

തിരുവമ്പാടിയിലെ ഒരു സ്വകാര്യ എസ്റ്റേറ്റിന്റെ 2165 ഏക്കര്‍ ഭൂമിയാണ് വിമാനത്താവളത്തിനായി കണ്ടുവെച്ചിരിക്കുക്കന്നത്. കുടി ഒഴിപ്പിക്കലില്ലാതെ ഇവിടെ പദ്ധതി നടപ്പാക്കാവും. നിലവില്‍ സമീപ വിമാനത്താവളങ്ങളായ കരിപ്പൂരിലേക്ക് 30 കിലോമീറ്ററും കണ്ണൂരിലേക്ക് 120 കിലോമീറ്ററും ദൂരമാണ് തിരുവമ്പാടിയില്‍ നിന്നുള്ളത്.