തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ പതിനേഴുകാരന്‍ പാലക്കാട് വടക്കഞ്ചേരിക്കാരിയെ കാണാനാണ് പുറപ്പെട്ടത്
പാലക്കാട്: പാലക്കാട് സ്വദേശിയായ ഫേസ്ബുക്ക് കാമുകിയെ തേടി തിരുവനന്തപുരം സ്വദേശിയായ പതിനേഴുകാരന്‍ വീടുവിട്ടിറങ്ങി. എന്നാല്‍ പിന്നീട് സംഭവിച്ച് സിനിമയെ വെല്ലുന്ന കാര്യങ്ങളായിരുന്നു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ പതിനേഴുകാരന്‍ പാലക്കാട് വടക്കഞ്ചേരിക്കാരിയെ കാണാനാണ് പുറപ്പെട്ടത്.
ഒരുരാത്രി യുവതി കാണണമെന്ന് പറഞ്ഞതോടെ കാമുകന്‍ തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ കയറുകയായിരുന്നു. ട്രെയിനില്‍ തൃശൂരിലെത്തി അവിടെ നിന്നു പാലക്കാട്ടേക്കു ബസ് കയറിയ ഇയാള്‍ വ്യാഴാഴ്ച രാത്രി എട്ടിന് വടക്കഞ്ചേരിയില്‍ ഇറങ്ങി. യുവതി നല്‍കിയ വിവരമനുസരിച്ച് രാത്രി 10ന് ഓട്ടോറിക്ഷയില്‍ പുതുക്കോടെത്തി.
പുതുക്കോട് എത്തിയെന്ന് അറിഞ്ഞതോടെ യുവതി ഡാറ്റ ഓഫ് ചെയ്തു. കുട്ടിക്കാമുകന് യുവതിയുടെ ഫോണ്‍ നമ്പര്‍ അറിയില്ലായിരുന്നു. മെസഞ്ചര്‍ ബന്ധം മാത്രമാണുണ്ടായിരുന്നത്. നാട്ടുകാരുമായി സംസാരിച്ചെങ്കിലും യുവതിയുടെ പേരുള്ള പലരുമുള്ളതിനാല്‍ ഓരോ വീട്ടിലും അന്വേഷിക്കാമെന്നായി അവര്‍.
അതു പന്തിയല്ലെന്നു തോന്നിയ ഓട്ടോ ഡ്രൈവര്‍ യുവാവിനെ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വീടിനു സമീപം വരെ എത്തിയെന്ന് അറിയിച്ചതോടെയാണു കൂടുതല്‍ വഴി പറഞ്ഞു കൊടുക്കാതെ യുവതി ഇരുന്നത്. സംഭവം കൈവിട്ടതോടെ കാമുകനെ വീട്ടുകാര്‍ വന്നു കൊണ്ടുപോയി.
