മന്ത്രിയും സി എം ഡിയും രണ്ടു തട്ടിലാണ്. സിഎംഡിയെ നിലക്ക് നിർത്താൻ പോലും മന്ത്രിക്കു കഴിയുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിലാണ് തിരുവഞ്ചൂര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. 

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതില്‍ സർക്കാരിന്റേത്‌ കള്ളകളിയാണെന്ന് മുന്‍ ഗതാഗതമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ കുറ്റപ്പെടുത്തി. 17 വര്‍ഷം വരെ സർവീസ് ഉള്ള എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. മന്ത്രിയും സി എം ഡിയും രണ്ടു തട്ടിലാണ്. അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ടോമിന്‍ ജെ തച്ചങ്കരിയാണെന്നും സിഎംഡിയെ നിലക്ക് നിർത്താൻ പോലും മന്ത്രിക്കു കഴിയുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിലാണ് തിരുവഞ്ചൂര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. 

സിഎംഡിക്കു എതിരെ ഇടതു നേതാക്കൾ പോലും വിമര്‍ശനം ഉന്നയിച്ചു. താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടണം എന്ന് സി എം ഡി കത്ത് നൽകി. ഈ കത്ത് പി എസ് സി റാങ്ക് ഹോൾഡേഴ്സ് കോടതിയിൽ ഹാജരാക്കി. കേസ് കോടതിയിൽ വന്നപ്പോൾ സർക്കാർ പിരിച്ചു വിടലിനെ എതിർത്തില്ലെന്നും തിരിവഞ്ചൂര്‍ പറഞ്ഞു.

എന്നാല്‍ പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാ‍ക്ക് പകരം നിയമിച്ചത് 1200 പേരെ മാത്രമാണ്. ഇടതു സർക്കാർ തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിച്ചത്. രണ്ടര വര്‍ഷംകൊണ്ട് കെ എസ് ആര്‍ ടി സിയുടെ കടം കൂടി. അപ്പീലിന് പോകാതെ ജീവനക്കാരെ പിരിച്ചു വിട്ടു. മൂവായിരം പേരുടെ ശവത്തിനു മുകളിലാണ് ഗതാഗത മന്ത്രി കഴിയുന്നതെന്നും പിരിച്ചു വിട്ടവരെ സഹായിക്കണമെന്നും തിരുവഞ്ചൂര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. 

കേസ് കോടതിയുടെ പരിഗണയിലാണെന്നും ഈ സാഹചര്യത്തില്‍ വിഷയം ചർച്ച ചെയ്യുന്നത് എംപാനലുകാര്‍ക്ക് ദോഷം ഉണ്ടാക്കുമെന്നും തിരുവഞ്ചൂര്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിനെ എതിര്‍ത്ത് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കോടതിയലക്ഷ്യമാകാതെ ചര്‍ച്ചചെയ്യാന്‍ സ്പീക്കര്‍ അനുവദിക്കുകയായിരുന്നു.