തിരുവനന്തപുരം- കാസർകോട് സമാന്തര റെയില്‍പാത: സംയുക്ത പഠനത്തിന് ധാരണ

First Published 29, Mar 2018, 8:47 PM IST
thiruvannathapuram kasargod parallel railway track
Highlights
  • വിശദമായ പഠനം റെയിൽവെയും കെ.ആർ.ഡി.സി. എല്ലും ചേർന്ന് നടത്തും
  • പദ്ധതിക്ക് 47769 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെ നിലവിലുള്ള റെയിൽ പാതക്ക് സമാന്തരമായി മൂന്നും നാലും പാത പണിയണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം സംബന്ധിച്ച് സംയുക്ത പഠനം നടത്താൻ റെയിൽവെ ബോർഡ് ചെയർമാൻ അശ്വിനി ലൊഹാനിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ ധാരണയായി.  നിർദിഷ്ട പദ്ധതി സംബന്ധിച്ച് കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് സാധ്യതാ പഠനം നടത്തിയിരുന്നു. 

സിഗ്നൽ സംവിധാനം ആധുനികവൽക്കരിക്കുന്നതുൾപ്പെടെ പദ്ധതിക്ക് 47769 കോടി രൂപയാണ് ഇതനുസരിച്ച് കണക്കാക്കിയിരുന്നത്. ഇതു സംബന്ധിച്ച് വിശദമായ പഠനം റെയിൽവെയും കെ.ആർ.ഡി.സി. എല്ലും ചേർന്ന് നടത്തും. പാലക്കാട്ടെ നിർദിഷ്ട കോച്ച് ഫാക്ടറി പ്രായോഗികമല്ലെന്ന നിലപാടിലാണ് ഇപ്പോൾ റെയിൽവെ. കാരണം പരമ്പരാഗത കോച്ചുകൾ നിർമിക്കാൻ ഇപ്പോൾ മൂന്ന് ഫാക്ടറികൾ ഉണ്ട്‌. അതിനാൽ മെട്രോ കോച്ച് നിർമിക്കുന്ന ഫാക്ടറിയായി ഈ പദ്ധതി മാറ്റാനാവുമോ എന്നത് സംബന്ധിച്ച സാധ്യതകൾ റെയിൽവെ ആരായുമെന്ന് ചെയർമാൻ ഉറപ്പു നൽകി.

തലശ്ശേരി - മൈസൂർ റെയിൽവെ ലൈനിനെക്കുറിച്ച് കർണാടക തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാൻ ധാരണയായി. കർണാടകവും കൂടി  ഉൾപ്പെട്ട പദ്ധതിയാണിത്. അങ്കമാലി-ശബരി പാതയുടെ ചെലവ് പൂർണമായി റെയിൽവെ വഹിക്കണമെന്ന് മുഖ്യമന്ത്രി വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ പകുതി ചെലവ് കേരളം വഹിക്കണമെന്നതാണ് റെയിൽവെ നിലപാട്. ദേശീയ തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ പദ്ധതിച്ചെലവ് മുഴുവൻ വഹിക്കാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്. മാത്രമല്ല സംയുക്ത സംരംഭം എന്ന രീതി വരുന്നതിനു മുമ്പ് 1996 ൽ അനുവദിച്ച പദ്ധതിയാണിത്. 300 കോടി രൂപ ഇതിനകം ചെലവഴിച്ച കഴിഞ്ഞു.  

മുഖ്യമന്ത്രിയുടെ ആവശ്യം പരിഗണിച്ച് ഇക്കാര്യം വീണ്ടും പരിശോധിക്കാമെന്ന് ബോർഡ് ചെയർമാൻ ഉറപ്പു നൽകി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് ബാലരാമപുരം വരെയുള്ള റെയിൽ ലിങ്കിന് അനുമതി നൽകാമെന്ന് ചെയർമാൻ സമ്മതിച്ചു. ഈ പദ്ധതി നടപ്പാക്കുന്നതിന് കൊങ്കൺ റെയിൽ കോർപ്പറേഷനെ  ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എറണാകുളത്തെ പഴയ സ്റ്റേഷന്റെ ഭൂമി ഉപയോഗിച്ച് പുതിയ ടെർമിനൽ സ്ഥാപിക്കുന്നതിന് ദക്ഷിണ റെയിൽവെക്ക് നിർദേശം നൽകാമെന്ന് ചെയർമാൻ അറിയിച്ചു. 

സ്റ്റേഷനുകൾ നവീകരിക്കുന്ന പദ്ധതിയിൽ തിരുവനന്തപുരം സെൻട്രൽ, വർക്കല, കൊച്ചുവേളി എന്നിവ കൂടി ഉൾപ്പെടുത്താൻ ധാരണയായി. നേമം സ്റ്റേഷൻ വികസനം ബോർഡ് അനുഭാവപൂർവം പരിഗണിക്കും. -തിരുവനന്തപുരം  സെൻട്രൽ സ്റ്റേഷനിൽ സൗകര്യം കുറവായതുകൊണ്ടാണ് കണ്ണൂർ - തി രു വ ന ന്തപുരം ശബരി ട്രെയിൻ  അനുവദിക്കുന്നതിനും രാജധാനി കുടുതൽ ദിവസം ഓടിക്കുന്നതിനും തടസ്സമായി റെയിൽവെ പറയുന്നത്. ഇതു കണക്കിലെടുത്ത് കൊച്ചുവേളി സ്റ്റേഷൻ വികസിപ്പിക്കുകയും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വേണമെന്ന് മുഖ്യമന്ത്രി  ആവശ്യപ്പെട്ടു. 

കേരളത്തിലോടുന്ന കുടുതൽ ട്രെയിനുകളിൽ ആധുനിക കോച്ചുകൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കും. ഇപ്പോൾ 3 ട്രെയിനുകളിൽ മാത്രമാണ് ആധുനിക കോച്ചകൾ ഉള്ളത്. കേരളത്തിലെ റെയിൽ വികസന പദ്ധതി ഓരോ മാസവും അവലോകനം ചെയ്യാനും ധാരണയായി. ചർച്ചയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ് സെന്തിൽ, റസിഡന്റ് കമീഷണർ ബിശ്വാസ് മേത്ത, മീഡിയ അഡ്വൈസർ ജോൺ ബ്രിട്ടാസ്, പി.ഡബ്ള്യു. ഡി  സെക്രട്ടറി കമലവർധന റാവു , കെ ആർ .ഡി സി.എൽ എം.ഡി. അജിത്കുമാർ എന്നിവർ പങ്കെടുത്തു.

loader