തിരുവനന്തപുരം: അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്നും തിരുവനന്തപുരം കുര്യാത്തി എല്‍പി സ്‌കൂളിനെ കരകയറ്റിയത് ഒരു കൂട്ടം ഇതരസംസ്ഥാന തൊഴിലാളികളാണ്. ഇവിടെ പഠിക്കുന്ന കുട്ടികളില്‍ പകുതിയിലേറെയും ഇതരസംസ്ഥാനതൊഴിലാളികളുടെ മക്കളാണ്.

മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ ലഭിക്കണമെന്ന ആഗ്രഹത്തില്‍ തന്റെ രണ്ട് കുട്ടികളെയാണ് ബിഹാര്‍ സ്വദേശി മുഹമ്മദ് തമന്ന കുര്യാത്തി സ്‌കൂളില്‍ ചേര്‍ത്തത്. വര്‍ഷങ്ങളായി തിരുവനന്തപുരത്ത് വിവിധ ജോലികള്‍ ചെയ്ത് കുടുംബമായി ജീവിക്കുന്നു. ഈ സര്‍ക്കാര്‍ വിദ്യാലയത്തില്‍ തങ്ങളുടെ മക്കള്‍ത്ത് നല്ല വിദ്യാഭ്യാസം കിട്ടുന്നുണ്ടെന്നാണ് മുഹമ്മദ് പറയുന്നത്.

മുഹമ്മദിനെ പോലെ പ്രദേശത്തെ മറ്റ് തൊഴിലാളി ക്യാമ്പുകളില്‍ കഴിയുന്നവരും കുട്ടികളെ കുര്യാത്തി സ്‌കൂളില്‍ ചേര്‍ത്തു. ഇതോടെ മൂന്ന് വര്‍ഷം മുമ്പ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സ്‌കൂളിന് പുതുജീവന്‍ ലഭിച്ചു. 35 കുട്ടികളുള്ള സ്‌കൂളിലെ 20 പേരും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്കായി സപ്തഭാഷാ പദ്ധതിയുള്‍പ്പടെ സ്‌കൂളില്‍ നടപ്പാക്കിവരുന്നു. എന്നാല്‍ 100 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് കുര്യാത്തി സ്‌കൂളിന് ഇപ്പോഴുമുള്ളത്.