തിരുവനന്തപുരം: ശബരിമലയിൽ ശുദ്ധിക്രിയകൾ നടത്താതെ വേറെ വഴിയില്ലെന്ന് തന്ത്രി തന്നെ അറിയിച്ചെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ. സ്ത്രീപ്രവേശനം നടന്നതിന് പിന്നാലെ തന്ത്രി തന്നെ വിളിച്ചിരുന്നുവെന്നും ശുദ്ധിക്രിയയെ രാഷ്ട്രീയ പ്രശ്നമായി കാണരുതെന്ന് തന്ത്രി പറഞ്ഞുവെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. ശബരിമലയിൽ സ്ത്രീപ്രവേശനം നടന്നത് താനും മാധ്യമവാർത്തകളിൽ നിന്നാണ് അറിഞ്ഞത്. ദേവസ്വം ബോർഡിനോട് ശുദ്ധിക്രിയ സംബന്ധിച്ച് തന്ത്രി അഭിപ്രായം ചോദിച്ചിരുന്നില്ല. തന്ത്രിയും മേൽശാന്തിയും കൂടി ആലോചിച്ച് തീരുമാനിക്കുകയായിരുന്നു.

ആചാരപരമായ കാര്യങ്ങൾ സംബന്ധിച്ച് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. തൽക്കാലം ശുദ്ധിക്രിയ നടക്കട്ടെ, ബാക്കി കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കാം. ബോർഡിന്‍റെ അനുമതിയില്ലാതെ, പണമടച്ച് രസീത് വാങ്ങാതെ ശുദ്ധിക്രിയ നടത്തിയത് നിയമവിരുദ്ധമല്ലേ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. ദേവസ്വം ബോർഡ് അംഗങ്ങളുമായി കൂടിയാലോചിച്ചതിന് ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനാകൂ എന്നും എ പദ്മകുമാർ പറഞ്ഞു.