തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂരില്‍ നിന്നും പുറപ്പെട്ട തിരുവോണത്തോണി ഇന്ന് പുലർച്ചെ ആറന്മുളയില്‍ എത്തി. തിരുവോണത്തോണിയില്‍ കൊണ്ട് വരുന്ന വിഭവങ്ങള്‍ ഉപയോഗിച്ചാണ് ആറന്മുള ക്ഷേത്രത്തില്‍ സദ്യയൊരുക്കിയത്.

പരമ്പാരഗത ആചാരപ്രകാരം സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണതോണി ഇന്ന് പുലർച്ചേയാണ് ആറന്മുള ക്ഷേത്രകടവില്‍ എത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തില്‍ ഓണ വിഭവങ്ങളുമായി തിരുവോണതോണി കാട്ടൂരില്‍ നിന്ന് പുറപ്പെട്ടത്. ഇതിന് പിന്നില്‍ വർഷങ്ങള്‍ തന്നെ പഴക്കമുള്ള ഒരു ആചാരം ഉണ്ട്. ഓണാഘോഷത്തിന്‍റെ ഭാഗമായി മങ്ങാട്ട് ഇല്ലത്ത് ബ്രഹ്ണർക്ക് കാല്‍കിച്ച് ഊട്ട് എന്ന ആചാരം ഉണ്ടായിരുന്നു. ഒരു ഓണനാളില്‍ സദ്യ സ്വീകരിക്കാൻ ബ്രഹ്മണർ എത്തിയില്ല. പകരം എത്തിയത് ഓരുബാലനായിരുന്നു. ഇത് ആറന്മുള ഭാഗവനാണ് എന്നാണ് സങ്കല്‍പം. ആ ബാലന്‍റെ നിർദ്ദേശപ്രകാരമാണ് തിരുവോണസദ്യ ക്ഷേത്രത്തിലേക്ക് മാറ്റിയതെന്ന് ഐത്യഹ്യത്തില്‍ പറയുന്നു. ഓണവിഭവങ്ങളുമായി കാട്ടൂരില്‍ നിന്ന് പുറപ്പെട്ടതോണി തുഴഞ്ഞത് കാട്ടൂരിലെ 18കുടുംബങ്ങളിലെ അംഗങ്ങളാണ്, ചോതി അളവിന് ശേഷം കുത്തിയ അരി, മറ്റ് വിഭവങ്ങള്‍ എന്നിവകൂടാതെ അടുത്ത ഒരുവർഷത്തേയ്ക്ക് കെടാവിളക്കില്‍ കത്തിക്കാനുള്ള ദീപവും തോണിയില്‍ എത്തിച്ചു. തോണി എത്തി അറന്മുള ക്ഷേത്രത്തിലെ കെടാവിളക്ക് തെളിച്ചതിന് ശേഷമാണ് സദ്യ ഒരുക്കിയത്. വൈകിട്ട് ദീപാരാധനക്ക് ശേഷം മങ്ങാട്ട് ഭട്ടതിരി ഇല്ലത്തേയ്‍ക്ക് മടങ്ങി.