
തൊടുപുഴ: വിധിയുടെ ഇരട്ടപ്രഹരത്തിൽ പകച്ചുനിൽക്കുകയാണ് മൂവാറ്റുപുഴ പോത്താനിക്കാടുള്ള ഒരു കുടുംബം. ഗുരുതര രോഗം ബാധിച്ച ഭർത്താവിന് കൈത്താങ്ങാവാൻ ജോലിക്ക് പോയ ഭാര്യ വാഹനാപകടത്തിൽ പരുക്കേറ്റ് തളർന്ന് കിടക്കുന്നു. സർക്കാരിന്‍റെ ചികിത്സാ സഹായങ്ങളൊന്നും കിട്ടാത്ത ഈ കുടുംബത്തിന്, മരുന്നുകൾ വാങ്ങാൻ ഒരു മാസം വേണ്ടത് 5000 രൂപയിലേറെയാണ്.
കരഞ്ഞ് കലങ്ങിയ കണ്ണുകളോടെയാണ് മൂവാറ്റുപുഴ പോത്താനിക്കാട് പോഞ്ചാലിൽ വീട്ടിൽ ഹരിഹരന്റേയും ഭാര്യ സരിതയുടേയും ജീവിതം. അസ്ഥി ദ്രവിക്കുന്ന രോഗമായിരുന്നു ഹരിഹരന്. ജോലിക്ക് പോകാൻ വയ്യാത്ത അവസ്ഥ. അങ്ങനെ കുടുംബം പുലർത്താനായി സരിത സമീപത്തുള്ള പാൽ സൊസൈറ്റിയിൽ ജോലിക്ക് പോയിത്തുടങ്ങി.
2015 ഫെബ്രുവരി 15ന് ജോലി കഴിഞ്ഞ് തിരിച്ച് വരും വഴി അമിതവേഗതയിൽ വന്ന കാർ സരിതയെ ഇടിച്ചുതെറിപ്പിച്ചു. 2 മാസം നീണ്ട ചികിത്സക്കൊടുവിൽ ജീവൻ തിരിച്ചുകിട്ടി. പക്ഷേ ഇടതുകയ്യും കാലും തളർന്നുപോയി. നാട്ടുകാരുടെ കാരുണ്യംകൊണ്ട് ആശുപത്രിയിലെ പണം അടച്ചു. ഇപ്പോൾ ഹരിഹരനും സരിതക്കും ചികിത്സക്കായി വേണ്ടത് മാസം 5000ലേറെ രൂപയാണ്. സർക്കാരിന്റെ കനിവ് കാത്ത് ആശ്വാസകിരണം പദ്ധതിയിലുൾപ്പെടെ അപേക്ഷിച്ചിട്ടും സഹായമൊന്നും കിട്ടിയില്ല. മരുന്ന് വാങ്ങാൻ പണമില്ലാത്തതിനാൽ പലപ്പോഴും വേണ്ടെന്ന് വെക്കുകയാണിവർ. മൂന്നിലും ഒന്നിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. അധ്യാപകർ സഹായിക്കുന്നതിനാൽ മാത്രം ഇവരുടെ പഠനം മുന്നോട്ടുപോകുന്നു.
