കഴിഞ്ഞ നാൽപത് വർഷമായി വൺ റാങ്ക് വൺ പെൻഷന് വേണ്ടി സൈനികർ കാത്തിരിക്കുകയാണ്. വെറും അഞ്ഞൂറ് കോടി രൂപ മാത്രമാണ് അന്ന് കോൺഗ്രസ് സർക്കാർ ഈ പദ്ധതിയ്ക്കായി മാറ്റി വച്ചത്. ഞങ്ങൾ അധികാരത്തിലെത്തി ഈ പദ്ധതിയുടെ ഫയൽ ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ അത്ഭുതപ്പെട്ടു പോയി.
ദില്ലി: മൂന്ന് സംസ്ഥാനങ്ങളിൽ കർഷക വായ്പകൾ എഴുതിതള്ളിയ കോൺഗ്രസ് കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ സംഘടിപ്പിക്കുന്ന ജ്ഞാൻ അഭർ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വൺ റാങ്ക് വൺ പെൻഷൻ വിഷയത്തിൽ അന്നത്തെ കോൺഗ്രസ് സൈനികരെ വിഡ്ഡികളാക്കിയെന്നും മോദി വിമർശിച്ചു.
''കഴിഞ്ഞ നാൽപത് വർഷമായി വൺ റാങ്ക് വൺ പെൻഷന് വേണ്ടി സൈനികർ കാത്തിരിക്കുകയാണ്. വെറും അഞ്ഞൂറ് കോടി രൂപ മാത്രമാണ് അന്ന് കോൺഗ്രസ് സർക്കാർ ഈ പദ്ധതിയ്ക്കായി മാറ്റി വച്ചത്. ഞങ്ങൾ അധികാരത്തിലെത്തി ഈ പദ്ധതിയുടെ ഫയൽ ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ അത്ഭുതപ്പെട്ടു പോയി.'' മോദി വിശദീകരിച്ചു.
''പന്ത്രണ്ടായിരം കോടി രൂപയാണ് ഈ പദ്ധതിയ്ക്ക് വേണ്ടിവരുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കി. ഇത്രയും തുക കണ്ടെത്തുക അസാധ്യമായതിനാൽ സൈനികരെ വിളിച്ച് സംസാരിച്ചു. അവസാനം നാല് ഗഡുക്കളായി ഈ തുക അവർക്ക് നൽകാമെന്ന് ഞങ്ങൾ തീരുമാനിച്ചു.'' പണം കൊള്ളയടിക്കുന്നവർക്ക് രാജ്യത്തിന്റെ കാവൽക്കാരനെ പേടിയാണെന്നും മോദി കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് ഇപ്പോൾ ചീത്ത വിളിക്കുന്നതെന്നും എന്നാൽ ഒരു കാരണവശാലും അവരെ വെറുതെ വിടില്ലെന്നും മോദി പറഞ്ഞു.
