ബംഗളുരു: ഒരു മലയാളിക്കൊപ്പം കഴിഞ്ഞ ദിവസം പിടിയിലായ മൂന്ന് പാകിസ്ഥാന്‍ സ്വദേശികളുടെ പക്കല്‍ ഇന്ത്യയിലെ വിവിധ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തി. വെറും നൂറു രൂപ ചിലവിലാണ് മൂന്ന് പേരും ആധാര്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ചത്. നേപ്പാള്‍ അതിര്‍ത്തി വഴിയാണ് ഇവര്‍ രേഖകളില്ലാതെ ഇന്ത്യയില്‍ കടന്നത്. പിന്നീട് രേഖകള്‍ കൃത്രിമമായി ഉണ്ടാക്കി ഇന്ത്യന്‍ പൗരന്മാരെന്ന വ്യാജേനെ ഇവിടെ കഴിഞ്ഞു വരികയായിരുന്നു. 

മലയാളിയായ മുഹമ്മദ് ഷിഹാബ് എന്നയാളും ഇയാളുടെ ഭാര്യ പാകിസ്ഥിനിയായ കിരണ്‍ ഗുലാം, ഇവരുടെ മാതാപിതാക്കള്‍ എന്നിവരാണ് ബംഗളുരുവിലെത്തിയത്. തുടര്‍ന്ന് ആധാര്‍ എന്‍റോള്‍മെന്റ് നടത്തുന്ന ഒരു ഏജന്‍സിയെ കണ്ടുപിടിച്ച് 100 രൂപ വീതം നല്‍കി ആധാര്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ചു. ഇത് എങ്ങനെ സാധിച്ചുവെന്നും ഇതിനായി ഏതൊക്കെ രേഖകള്‍ സമര്‍പ്പിച്ചുവെന്നും പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പണം വാങ്ങി സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കുന്ന ഇടനിലക്കാരാണോ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

പാകിസ്ഥാനില്‍ നിന്ന് നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയ ശേഷം, വ്യാജ രേഖകള്‍ നല്‍കി ബംഗളുരുവില്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്തു. ഇതിന് ഉപയോഗിച്ച വാടക കരാര്‍ വെച്ചാണ് മറ്റ് തിരിച്ചറിയല്‍ രേഖകള്‍ സ്വന്തമാക്കിയത്. ബംഗളുരുവില്‍ വീടുകള്‍ വാടകയ്ക്ക് നല്‍കുന്ന പലരും വാടകക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാറില്ലെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതും ഇവര്‍ക്ക് തുണയായി.