കാസര്‍ഗോഡ്: നാടന്‍ കള്ള് കേരളത്തിന്റെ തനത് ലഹരിയാണ്. വൈകീട്ട് ശാരീരികാധ്വാനമുള്ള പണികഴിഞ്ഞ് ഒരു കുപ്പി കള്ളും കുടിച്ച് പാട്ടും പാടി നടന്നിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. അന്ന് പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും കള്ള് ഷാപ്പുകളിലെത്തിയിരുന്നു. ഇന്ന് പുതുലഹരികള്‍ വീര്യം കൂടി വന്നപ്പോള്‍ തലമുറകളും പുതിയ ലഹരികള്‍ക്ക് പുറകേയായി.
എന്നാല്‍ അത്യുത്തര കേരളത്തിലെ ഒരു കള്ള് ഷാപ്പ് ഇന്നും സ്ത്രീ സൗഹൃദമാണ്. കാസര്‍ഗോഡ് ജില്ലയിലെ ബളാലിലെ കെ.ആര്‍.സുകുമാരന്റെ ഉടമസ്ഥതയിലുള്ള ടി.എസ്.പതിമൂന്നാം നമ്പര്‍ കള്ളുഷാപ്പിലാണ് ഇന്നും സ്ത്രീകളെത്തുന്നത്. ദിവസവും പതിനഞ്ചോളം സ്ത്രീകളാണ് ഇവിടെ കള്ള് കുടിക്കാനെത്തുന്നത്. സ്ത്രീകള്‍ക്ക് ഇവിടെ പ്രത്യേക സ്ഥാനവുമുണ്ട്. ഷാപ്പിലെ ആദ്യത്തെ കപ്പ് കള്ള് അരീക്കരയിലെ കയമച്ചിക്ക് മാത്രം അവകാശപ്പെട്ടതാണ്. അതുപോലെ അവസാനത്തെ കുപ്പി കള്ള് ലക്ഷ്മിക്കുള്ളതാണ്.
ലക്ഷ്മിയും കയമച്ചിയും ഷാപ്പിന് സമീപത്തെ അരീക്കര കോളനിയിലെ സ്ത്രീകളാണ്. അരീക്കര കോളനിയിലെ പരേതനായ വെളുത്തന്റെ ഭാര്യയാണ് കയമച്ചി. ഒരു ദിവസം ഇവര്‍ മൂന്ന് ലിറ്റര്‍ കള്ളെങ്കിലും അകത്താക്കും. രാവിലെ വന്നാല്‍ ചിലപ്പോള്‍ നേരം ഇരുട്ടും വരെയും കയമച്ചി ഷാപ്പില്‍ കാണും. ലക്ഷ്മി നേരെമറിച്ചാണ് കള്ളുകുടിച്ചാല്‍ ഷാപ്പിലിരുന്ന് പാട്ട് പാടിയും തര്‍ക്കിച്ചും ഇവര്‍ ആണുങ്ങളെ വെല്ലുന്ന തരത്തില്‍ ഷാപ്പില്‍ നിറസാന്നിധ്യമാകും.
തൊട്ടടുത്ത് വെള്ളരിക്കുണ്ടില്‍ ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് ഉണ്ടെങ്കിലും ബളാല്‍ കോളനിയിലെ സ്ത്രീകള്‍ക്ക് വിദേശ മദ്യത്തോട് താല്‍പര്യമില്ല. അവര്‍ക്ക് നാടന്‍ തെങ്ങിന്റെ മധുര കള്ള് മാത്രം മതി. കള്ളിനോടൊപ്പം ഷാപ്പിലെ കപ്പയും കറിയും അവര്‍ പ്രിയകരം. കഴിഞ്ഞ ഏഴ് വര്‍ഷമായി തന്റെ ഏറ്റവും നല്ല കസ്റ്റമേഴ്‌സ് സ്ത്രീകളാണെന്ന് ഷാപ്പ് നടത്തുന്ന പുന്നകുന്നിലെ സുകുമാരന്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ നിറഞ്ഞ ചിരിയാണ് കയമച്ചിയുടെ മുഖത്ത്. എത്ര കുടിച്ചാലും ലക്ക്‌കെടാതെ കുടിച്ച കള്ളിന്റെ പൈസ, കടം പറയാതെ കൊടുക്കാന്‍ ഇവര്‍ കാണിക്കുന്ന തിടുക്കം സുകുമാരന്‍ എടുത്തു പറഞ്ഞു.
