'അല്ലാ... എന്നെ സ്നേഹിക്കുന്നുവെങ്കില്‍ അവളെ സംസാരിക്കാന്‍ അനുവദിക്കൂ..'

ദിസ്പുര്‍: കത്വയില്‍ എട്ടു വയസുകാരി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത് വാര്‍ത്തകളില്‍ ഇടം നേടുകയും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തു. ദേവസ്ഥാനത്ത് നടന്ന ക്രൂരതയിലെ പ്രതികളെ സംരക്ഷിക്കാന‍് ബിജെപി നേതാക്കള്‍ രംഗത്തെത്തിയതും പ്രതിഷേധത്തിന് മറ്റൊരു മുഖം നല്‍കിയിരുന്നു. ഈ സംഭവത്തില്‍ ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി സമാനമായ മറ്റൊരു കേസിലെ പ്രതിയുടെ പേരെടുത്ത് പറഞ്ഞ് അയാളുടെ പേര് ആരും എന്താണ് വിളിച്ചു പറയാത്തെന്ന് ചോദിച്ചിരുന്നു.

കത്വ സംഭവത്തില്‍ പ്രതിഷേധം ബിജെപിക്കെതിരായി മാറിയതോടെയായിരുന്നു ഇത്. അസമില്‍ നടന്ന 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായിരുന്നു സംഭവം. ഇതില്‍ പ്രധാന പ്രതിയായ സാക്കിര്‍ ഹുസൈന്‍റെ പേര് ആരും ഉറക്കെ വിളിച്ചു പറയാത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു ആരോപണങ്ങളെ പ്രതിരോധിച്ച് ബിജെപി വക്താവ് ലേഖി ചോദിച്ചത്.

രാഷ്ട്രീയത്തിനപ്പുറം കരളലിയിക്കുന്ന ചില പ്രതികരണങ്ങളാണ് അസമില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് നടത്തിയത്. ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയ ശേഷം ആദ്യമായി മൃതശരീരം കണ്ടപ്പോള്‍ അയാള്‍ക്ക് കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞത് മറ്റൊന്നുമായിരുന്നില്ല, 'അല്ലാ... എന്നെ സ്നേഹിക്കുന്നുവെങ്കില്‍ അവളെ സംസാരിക്കാന്‍ അനുവദിക്കൂ...' എന്നായിരുന്നു. കത്വ സംഭവത്തെ കുറിച്ച് ഞാന്‍ കേട്ടിരുന്നു. പക്ഷെ എങ്ങനെയാണ് കുടുംബത്തിലുള്ളവര്‍ക്കും അയല്‍ക്കാര്‍ക്കുമൊക്കെ ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്നതെന്നും ആ പിതാവ് ചോദിക്കുന്നു.

പെണ്‍കുട്ടിയെ വാ പൊത്തിപ്പിടിച്ച് പലതവണ കൂട്ട ബലാത്സംഗത്തിനിരയായതായും തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ഗുരുതരമായ നിലയില്‍ കണ്ടെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ പ്രതികളുടെ പേര് പറയാന്‍ പെണ്‍കുട്ടി ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

പെണ്‍കുട്ടിയുടെ സഹപാഠിയായ 12 വയസുകാരനും ഇയാളുടെ ബന്ധുവായ 11കാരനും അയല്‍വാസിയായ 19കാരനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂര പീഡനത്തിരയാക്കിയത്. പ്രതികളെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് മാര്‍ച്ച് 23നായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.