അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി 164 രാജ്യങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ആറു ദിവസം നീണ്ടു നിന്ന കര്‍മങ്ങള്‍ അവസാനിപ്പിച്ച് തീര്‍ഥാടകര്‍ മിനായില്‍ നിന്നും മടങ്ങി. അവസാന ദിവസവും തീര്‍ഥാടകര്‍ മിനായിലെ മൂന്നു ജമ്രകളിലും അനായാസം കല്ലേറ് കര്‍മം നിര്‍വഹിച്ചു. മക്കയില്‍ നിന്നും മടങ്ങുമ്പോള്‍ നിര്‍വഹിക്കേണ്ട കഅബയെ പ്രദിക്ഷണം വെക്കുന്ന വിടവാങ്ങല്‍ തവാഫ് മാത്രമാണ് ഇനി തീര്‍ഥാടകര്‍ക്ക് നിര്‍വഹിക്കാന്‍ ബാക്കിയുള്ളത്. മക്കയില്‍ നിന്ന് യാത്ര പുറപ്പെടുന്നതിനു തൊട്ടു മുമ്പാണ് ഇത് നിര്‍വഹിക്കുക. സമാധാനപരമായി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് തീര്‍ഥാടകരും സൗദി സര്‍ക്കാരും. ശക്തമായ ചൂട്, അനധികൃത തീര്‍ഥാടകരുടെ സാന്നിധ്യം, സംഘര്‍ഷം നില നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നും, പകര്‍ച്ച വ്യാധി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകരുടെ വരവ്, ഇറാന്‍ ഹജ്ജ് കരാര്‍ ഒപ്പ് വെക്കാന്‍ തയ്യാറാകാത്തത്. ആശങ്കകളെല്ലാം അസ്ഥാനത്താക്കി സൗദി സര്‍ക്കാര്‍ വിജയകരമായി ഹജ്ജ് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി. മുന്‍ വര്‍ഷങ്ങളേക്കാള്‍ സുഖകരമായി തീര്‍ഥാടകര്‍ കര്‍മങ്ങള്‍ നിര്‍വഹിച്ചു. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം തുടങ്ങി പതിനഞ്ചോളം വകുപ്പുകള്‍ക്ക് കീഴില്‍ ലക്ഷക്കണക്കിന് പേരെ അണി നിരത്തിയാണ് ഹജ്ജ് പദ്ധതി നടപ്പിലാക്കിയത്. ഭീകരവാദികളും അനധികൃത തീര്‍ഥാടകരും മക്കയിലേക്ക് കടക്കാതിരിക്കാന്‍ രാജ്യത്തിനകത്തും പുറത്തും ശക്തമായ നിരീക്ഷണവും നിയന്ത്രണവും കൊണ്ടുവന്നു. തെറ്റു കുറ്റങ്ങളില്‍ നിന്നെല്ലാം മുക്തി നേടി പുതിയൊരു ജീവിതം നയിക്കാനുള്ള പ്രതിജ്ഞയുമായി ദശ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്കിനീ മടക്കയാത്രയുടെ നാളുകള്‍.