തൊടുപുഴ: തൊടുപുഴയില്‍ യുവാവ് ബാഹുബലി മോഡലില്‍ ആനപ്പുറത്ത് കയറാന്‍ ശ്രമിച്ച് അപകടത്തിലായെന്ന വാര്‍ത്ത വ്യാജമാണെന്ന് ജിനു ജോണ്‍. ആന തന്നെ തുമ്പിക്കൈകൊണ്ട് തട്ടിയെറിഞ്ഞുവെന്നത് ശരിയാണ്. പക്ഷെ ഗുരുതരാവാസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെന്ന തരത്തില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണെന്ന് ജിനു ഫേസ്ബുക്ക് ലൈവിലെത്തി പറഞ്ഞു. 

തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയാണ് ജിനു ജോണ്‍. മാധ്യമങ്ങള്‍ അസത്യം പ്രചരിപ്പിക്കുന്നത് ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും വലിയ സങ്കടം ഉണ്ടായിട്ടുണ്ടെന്നും ജിനു ലൈവില്‍ പറയുന്നു. അതേസമയം, സംഭവ ശേഷം യുവാവ് പൊലീസുമായുള്ള സംസാരിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഞായറാഴ്ചയാണ് വാര്‍ത്തയക്ക് ആധാരമായ സംഭവം. പാപ്പാന്മാര്‍ അടുത്തില്ലാത്ത ആനയ്ക്ക് പഴവുമായി ജിനു എത്തുന്നു. കൈയ്യില്‍ കരുതിയ പഴം ആദ്യം ആനയ്ക്ക് കൊടുക്കുകയും, പിന്നീട് നിലത്ത് വീണ്് കിടന്ന പനമ്പട്ടയും കൊടുത്തു. 

തുടര്‍ന്ന് ആനയെ ഉമ്മവെച്ച് തുമ്പിക്കൈയില്‍ തഴുകിക്കൊണ്ടിരിക്കുമ്പോളാണ് ആന, ജിനുവിനെ തട്ടിയെറിഞ്ഞത്. ഈ സമയം സുഹൃത്തുക്കള്‍ ജിനുവിന്റെ ഫേസ്ബുക്ക് ലൈവ് വഴിയാണ് സംഭവം പുറത്ത് വിട്ടത്. സംഭവത്തിന് ശേഷം, കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ സാരമായ പരിക്കുകളോടെ ജിനുവിനെ പ്രവേശിപ്പിച്ചെന്നായിരുന്നു മുഖ്യധാരമാധ്യമങ്ങളിലടക്കം വന്ന വാര്‍ത്ത.