ഊരിലെ എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസം ഉറപ്പുവരുത്താനുളള ഉത്തരവാദിത്വം സമൂഹത്തെയാകെ ഏൽപിക്കുന്നതാണ് പദ്ധതി. മൂപ്പന്മാരുടെ നേതൃത്വത്തിൽ ഊരുകൂട്ടങ്ങൾ വിളിച്ചു ചേർത്ത് വിഷയം ചർച്ച ചെയ്താണ് 'വിദ്യാ ഗ്രാമ സഭ'കൾ രൂപീകരിക്കുക.
ഇടുക്കി: പ്രദേശത്തെ കുട്ടികളെ മുഴുവൻ സ്കൂളിലെത്തിക്കാൻ ലക്ഷ്യമിടുന്ന സ്വന്തം പദ്ധതിയുമായ് തൊടുപുഴ പൂമാലയിലെ ട്രൈബൽ സ്കൂൾ. ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് 'വിദ്യാ ഗ്രാമ സഭ'കൾക്കാണ് സ്കൂൾ പിടിഎ രൂപം നൽകിയിരിക്കുന്നത്.
ഊരിലെ എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസം ഉറപ്പുവരുത്താനുളള ഉത്തരവാദിത്വം സമൂഹത്തെയാകെ ഏൽപിക്കുന്നതാണ് പദ്ധതി. മൂപ്പന്മാരുടെ നേതൃത്വത്തിൽ ഊരുകൂട്ടങ്ങൾ വിളിച്ചു ചേർത്ത് വിഷയം ചർച്ച ചെയ്താണ് 'വിദ്യാ ഗ്രാമ സഭ'കൾ രൂപീകരിക്കുക.
പഞ്ചായത്ത് പ്രതിനിധികളും പി ടി എ ഭാരവാഹികളുമൊക്കെ പങ്കെടുക്കുന്ന യോഗം സ്കൂളിൽ പോകാത്ത കുട്ടികളുടെ വിവരം ശേഖരിക്കും. അവരെ സ്കൂളിലെത്തിക്കാനും നിരീക്ഷിക്കാനും നടപടികൾ സ്വീകരിക്കും. തുടർ പ്രവർത്തനങ്ങളും ഉറപ്പു വരുത്തുന്നതാണ് പദ്ധതി.
വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യമറിയാത്ത ആദിവാസി കുട്ടികളെ മാഫിയകള്‍ വലയിലാക്കുന്നതൊഴിവാക്കാനും പദ്ധതിയിലൂടെ കഴിയും. ജോലിക്കു സംവരണമുണ്ടായിട്ടും ആദിവാസി സമൂഹം പുരോഗമിക്കാത്തതിന് കാരണം വിദ്യാഭ്യാസത്തിന്‍റെ കുറവാണ്. അതിനാൽ ഭാവിയിൽ പ്രദേശത്തെ ഊരുകളെ മുഴുവൻ വിദ്യാ സമ്പന്നമാക്കുകയുമാണ് 'വിദ്യാ ഗ്രാമ സഭ'യുടെ ആത്യന്തിക ലക്ഷ്യം.