ആലപ്പുഴ: മന്ത്രി തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങള്‍ ശരിവെച്ച് ജില്ലാ കളക്റുടെ അന്തിമ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍. റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല. റിപ്പോര്‍ട്ട് കാണാതെ നടപടിയുണ്ടാകുമോയെന്ന് പറയാനാകില്ല . ആരോപണങ്ങളെല്ലാം വസ്തുതകളാകണമെന്നില്ല എന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

ശനിയാഴ്ചയാണ് റവന്യൂ സെക്രട്ടറിക്ക് ആലപ്പുഴ ജില്ല കളക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയത്. മാര്‍ത്താണ്ഡം കായലില്‍ തോമസ് ചാണ്ടി നിയമലംഘനം നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്ണിട്ട് മൂടിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലെ പാര്‍ക്കിംഗും അപ്രോച്ച് റോഡും നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്കും ശുപാര്‍ശയുണ്ട്.

ബോയ സ്ഥാപിക്കാന്‍ ആര്‍ഡിഒ നല്‍കിയ അനുമതി അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകളും ഉപഗ്രഹ ചിത്രങ്ങളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.