തിരുവനന്തപുരം:മന്ത്രി തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങള്‍ ശരിവെച്ച് ജില്ലാ കളക്‌റുടെ അന്തിമ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ തോമസ് ചാണ്ടി രാജിവെക്കണമെന്ന് കോണ്‍ഗ്രസ്. തോമസ് ചാണ്ടിക്ക് ഒരു നിമിഷം പോലും അധികാരത്തിലിരിക്കാനുളള അര്‍ഹതയില്ലെന്ന്  വി.എം.സുധീരന്‍ പ്രതികരിച്ചു. തോമസ് ചാണ്ടി എത്രയും പെട്ടെന്ന് മന്ത്രി രാജിവെക്കുന്നോ അത്രയും നല്ലത്. ഇല്ലെങ്കില്‍ പുറത്താക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണം.

തോമസ് ചാണ്ടിയെ അധികാരത്തില്‍ തുടരാന്‍ അനുവദിച്ചാല്‍ അത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വികൃത രൂപവും ഇരട്ടത്താപ്പുമായിരിക്കും സൂചിപ്പിക്കുക എന്നും സുധീരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എത്രയും പെട്ടെന്ന് തോമസ് ചാണ്ടിയെ പുറത്താക്കാനുളള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് ജോണി നെല്ലൂര്‍ (കേരള കോണ്‍ഗ്രസ് ജേക്കബ്) ആവശ്യപ്പെട്ടു. അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്നും ജോണി നെല്ലൂര്‍ കുറ്റപ്പെടുത്തി. തോമസ് ചാണ്ടിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.

തോമസ് ചാണ്ടി രാജി വെച്ചില്ലെങ്കില്‍ കേസിനെ സ്വാധീനിക്കും, കേസ് അട്ടിമറിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വയം രാജി വെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് പുറത്താക്കണമെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടി.വി പ്രസാദ് പുറത്തുകൊണ്ടുവന്ന വാര്‍ത്തകള്‍ശരിവെച്ചാണ്ജില്ലാ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട്. മാര്‍ത്താണ്ഡം കായല്‍ കയ്യേറിയതില്‍ തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്ണിട്ട് മൂടിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലെ പാര്‍ക്കിംഗും അപ്രോച്ച് റോഡും നിയമ വിരുദ്ധമാണെന്നും   നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.