ആലപ്പുഴ: ലേക് പാലസ് റിസോര്‍ട്ടിന്‍റെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ ആലപ്പുഴ നഗരസഭയില്‍ പോര് മുറുകുന്നു. സംഭവത്തില്‍ സസ്പെന്‍റ് ചെയ്തവര്‍ക്കെതിരെ സമരം ചെയ്തവര്‍‌ക്ക് സെക്രട്ടറി ശമ്പളം നല്‍കി. നഗരസഭ ചെയര്‍മാനെ മറികടന്നാണ് സെക്രട്ടറി പണിമുടക്കിയവര്‍ക്ക് ശമ്പളം നല്‍കിയത്. 

സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു. സെക്രട്ടറി പ്രവര്‍ത്തിക്കുന്നത് ഏതോ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം. സെക്രട്ടറിയുടെ ശ്രമം തോമസ് ചാണ്ടിയെ സംരക്ഷിക്കാനെന്നും ചെയര്‍മാന്‍. 22 ദിവസം മാത്രം ജോലി ചെയ്തവര്‍ക്കാണ് 30 ദിവസത്തെ ശമ്പളം സെക്രട്ടറി നല്‍കിയത്. 

കൂടാതെ രേഖകള്‍‌ ഹാജരാക്കാത്ത ലേക് പാലസ് റിസോര്‍ട്ടിനെ തെളിവെടുപ്പിന് വിളിക്കും. രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. വേണ്ടിവന്നാല്‍ റിസോര്‍ട്ട് പൊളിച്ചുമാറ്റുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

ലേക് പാലസ് റിസോര്‍ട്ട് ആലപ്പുഴ നഗരസഭയില്‍ കെട്ടിടാനുമതിയ്‌ക്കായി നല്‍കിയ മുഴുവന്‍ ഫയലുകളുമാണ് ഏഷ്യാനെറ്റ്ന്യൂസ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. അപേക്ഷകിട്ടി ദിവസങ്ങള്‍ക്കകം തന്നെ ഫയലുകള്‍ കാണാതായെന്ന് ആലപ്പഴ നഗരസഭ സ്ഥിരീകരിക്കുകയും ചെയ്തു.